ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ‘ജോലി ലഭിച്ചതോടെ’ എന്‍ഡിടിവി വിട്ടു; മാധ്യമപ്രവര്‍ത്തക നിധി റാസ്ദാന്‍ ഇരയായത് വന്‍തട്ടിപ്പിന്

ഹാര്വാര്ഡ് യൂണിവേഴ്സിറ്റി ജോലിക്കായി എന്ഡിടിവിയില് നിന്ന് രാജിവെച്ച നിധി റാസ്ദാന് ഇരയായത് വന്തട്ടിപ്പിന്.
 | 
ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ‘ജോലി ലഭിച്ചതോടെ’ എന്‍ഡിടിവി വിട്ടു; മാധ്യമപ്രവര്‍ത്തക നിധി റാസ്ദാന്‍ ഇരയായത് വന്‍തട്ടിപ്പിന്

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ജോലിക്കായി എന്‍ഡിടിവിയില്‍ നിന്ന് രാജിവെച്ച നിധി റാസ്ദാന്‍ ഇരയായത് വന്‍തട്ടിപ്പിന്. ജോലി ഓഫര്‍ ചെയ്തുകൊണ്ട് യൂണിവേഴ്‌സിറ്റി ഇങ്ങനെയൊരു കത്തയച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് നിധി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. ജോലി ഓഫര്‍ ഒരു സോഫിസ്റ്റിക്കേറ്റഡ് ഫിഷിംഗ് അറ്റാക്ക് ആയിരുന്നുവെന്നാണ് മനസിലാക്കുന്നതെന്നും അവര്‍ അറിയിക്കുന്നു.

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ഫാക്കല്‍റ്റിയില്‍ അസോസിയേറ്റ് പ്രൊഫസറായി ജോലി ലഭിച്ചുവെന്ന് കഴിഞ്ഞ ജൂണിലാണ് നിധി ട്വിറ്ററില്‍ കുറിച്ചത്. എന്‍ഡിടിവിയില്‍ 21 വര്‍ഷത്തെ സേവനത്തിന് ശേഷം താന്‍ പടിയിറങ്ങുകയാണെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ വലിയൊരു തട്ടിപ്പിനാണ് താന്‍ ഇരയായിരിക്കുന്നതെന്ന് പുതിയ ട്വീറ്റില്‍ നിധി റാസ്ദാന്‍ വ്യക്തമാക്കുന്നു.

2020 സെപ്റ്റംബറില്‍ യൂണിവേഴ്‌സിറ്റിയില്‍ ജോലിയില്‍ പ്രവേശിക്കണമെന്നായിരുന്നു നേരത്തേ അറിയിപ്പ് ലഭിച്ചത്. കോവിഡ് മഹാമാരി മൂലം ജനുവരിയില്‍ മാത്രമേ ക്ലാസുകള്‍ ആരംഭിക്കൂ എന്ന് പിന്നീട് മറ്റൊരു അറിയിപ്പ് ലഭിച്ചു. നടപടിക്രമങ്ങള്‍ വൈകുന്നതിനൊപ്പം അസാധാരണമായ ചില വസ്തുതകളും ശ്രദ്ധയില്‍പ്പെട്ടെങ്കിലും മഹാമാരിയുടെ സാഹചര്യത്തില്‍ സംഭവിച്ചിരിക്കാവുന്ന പിഴവുകള്‍ എന്ന് കരുതി അവഗണിച്ചു. പക്ഷേ പിന്നീടുണ്ടായ ആശയവിനിമയങ്ങളിലും പിഴവുകള്‍ തുടര്‍ന്നതോടെ അന്വേഷിക്കാന്‍ താന്‍ തീരുമാനിക്കുകയായിരുന്നു.

യൂണിവേഴ്‌സിറ്റിയുടെ ഉന്നത കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ തനിക്ക് ജോലി നല്‍കിക്കൊണ്ട് അറിയിപ്പുകള്‍ ഒന്നും തന്നെ അവിടെ നിന്ന് അയച്ചിട്ടില്ലെന്ന് വ്യക്തമായി. താന്‍ വലിയൊരു ഫിഷിംഗ് ആക്രമണത്തിനാണ് വിധേയയായിരിക്കുന്നത്. അക്രമികള്‍ എന്റെ ഇമെയില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നുഴഞ്ഞു കയറിയിരിക്കുകയാണെന്നും തന്റെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെടുത്താണ് ഇത്തരത്തില്‍ ഒരു വ്യാജ ജോബ് ലെറ്റര്‍ അയച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

സംഭവത്തില്‍ നിധി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇക്കാര്യം ഗൗരവമായി എടുക്കണമന്നും നടപടി സ്വീകരിക്കണമെന്നും കാട്ടി ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിക്കും അവര്‍ കത്തയച്ചു. ഡിജിറ്റല്‍ ഇടത്തെക്കുറിച്ച് ധാരണയുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് ഇത്തരമൊരു അവസ്ഥ നേരിടേണ്ടി വരുമ്പോള്‍ സാധാരണക്കാരുടെ സ്ഥിതി എന്താണെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.