നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് അര്‍ഹിച്ച ശിക്ഷ, കൊലക്കയര്‍ ഒരുക്കുന്നതില്‍ മനസ്താപമില്ല; ആരാച്ചാര്‍

ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് നിര്ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത്.
 | 
നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് അര്‍ഹിച്ച ശിക്ഷ, കൊലക്കയര്‍ ഒരുക്കുന്നതില്‍ മനസ്താപമില്ല; ആരാച്ചാര്‍

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പ്രതികരണവുമായി ആരാച്ചാര്‍. ഇത്തരം മനുഷ്യത്വരഹിതവും ക്രൂരവുമായ ചെയ്തികള്‍ക്ക് വധശിക്ഷ തന്നെയാണ് മറുപടി. കേസിലെ പ്രതികളെ തൂക്കിക്കൊല്ലുന്നതില്‍ യാതൊരു മനസ്താപവും ഇല്ലെന്നും ആരാച്ചാര്‍ പവന്‍ ജല്ലാദ് പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

ഇതുവരെ അഞ്ച് പേരുടെ വധശിക്ഷ നടപ്പിലാക്കിയ വ്യക്തിയാണ് ജല്ലാദ്. ആരാച്ചാര്‍ ജോലി ലഭിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ഇത് തന്റെ അച്ഛനും മുത്തച്ഛനും ചെയ്തു പോരുന്ന തൊഴിലാണെന്നും ജല്ലാദ് പറഞ്ഞു. സിനിമയില്‍ കാണുന്ന പോലെയല്ല കുറ്റവാളികളെ തൂക്കിലേറ്റുന്നതെന്നും ജല്ലാദ് കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത്. ദയാഹര്‍ജികളും വിധിയെ ചോദ്യം ചെയ്ത് മേല്‍ക്കോടതികളില്‍ നല്‍കിയ ഹര്‍ജികളിലും പ്രതികള്‍ക്ക് അനുകൂലമായ നടപടിയുണ്ടായിട്ടില്ല. മുഖ്യപ്രതി മുകേഷ് സിങിന്റെ ദയാ ഹര്‍ജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെ കേസിലെ മറ്റൊരു പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയും തള്ളിയിരുന്നു.