നിര്‍ഭയ പ്രതി വിനയ് ശര്‍മയ്ക്ക് തലയ്ക്ക് പരിക്ക്, മാനസികാരോഗ്യ പ്രശ്‌നങ്ങളെന്ന് കോടതിയില്‍ അഭിഭാഷകന്‍

തിഹാര് ജയിലില് വെച്ച് ചുമരില് തലയിടിപ്പിച്ച് സ്വയം പരിക്കേല്പ്പിച്ച നിര്ഭയ കേസ് പ്രതി വിനയ് ശര്മയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് അഭിഭാഷകന് കോടതിയില്.
 | 
നിര്‍ഭയ പ്രതി വിനയ് ശര്‍മയ്ക്ക് തലയ്ക്ക് പരിക്ക്, മാനസികാരോഗ്യ പ്രശ്‌നങ്ങളെന്ന് കോടതിയില്‍ അഭിഭാഷകന്‍

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ വെച്ച് ചുമരില്‍ തലയിടിപ്പിച്ച് സ്വയം പരിക്കേല്‍പ്പിച്ച നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മയ്ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് അഭിഭാഷകന്‍ കോടതിയില്‍. തലയ്ക്ക് പരിക്കേറ്റതില്‍ അടിയന്തരമായി വിദഗ്ദ്ധ ചികിത്സ നല്‍കണമെന്നും അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച വൈകീട്ടാണ് വിനയ് ശര്‍മ ജയിലില്‍വെച്ച് തല ചുമരിലിടിച്ച് സ്വയം പരിക്കേല്‍പ്പിച്ചത്.

വിനയ് ശര്‍മയ്ക്ക് സ്‌കീസോഫ്രീനിയ എന്ന മാനസികരോഗമാണെന്നും സ്വന്തം അമ്മയെപ്പോലും ഇയാള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നുമാണ് അഭിഭാഷകന്‍ പറഞ്ഞത്. ഇയാള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ബിഹേവിയര്‍ ആന്‍ഡ് അലൈഡ് സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കണമെന്നും അഭിഭാഷകനായ എ.പി. സിങ് നല്‍കിയ അപേക്ഷയില്‍ പറയുന്നു. അപേക്ഷ പരിഗണിച്ച ഡല്‍ഹിയിലെ പ്രത്യേക കോടതി തിഹാര്‍ ജയില്‍ അധികൃതരില്‍നിന്ന് റിപ്പോര്‍ട്ട് തേടി. ഈ കേസില്‍ ഇനി ശനിയാഴ്ച വാദം കേള്‍ക്കും.

ഇയാളുടെ വലതു കൈക്കും തലയ്ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചത്. വിനയ് ശര്‍മയെ ജയില്‍ ഉദ്യോഗസ്ഥരാണ് ബലം പ്രയോഗിച്ച് പിന്തിരിപ്പിച്ചത്. ഇയാള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്ന് ജയില്‍ അധികൃതരും അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അഭിഭാഷകന്‍ വിദഗ്ദ്ധ ചികിത്സ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ദിവസമാണ് നിര്‍ഭയ കേസ് പ്രതികള്‍ക്കായി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. മാര്‍ച്ച് മൂന്നാം തിയതി രാവിലെ 6 മണിക്ക് മുമ്പായി വധശിക്ഷ നടപ്പാക്കണമെന്നാണ് വാറണ്ട് നിര്‍ദേശിക്കുന്നത്. പ്രതികള്‍ക്ക് ഇനി നിയമപരമായ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചതോടെയാണ് കോടതി മരണ വാറണ്ട് നല്‍കിയത്.