ഹൈദരാബാദ്; പോലീസ് നടപടി സ്വാഗതം ചെയ്ത് നിര്‍ഭയയുടെ മാതാപിതാക്കള്‍

ഹൈദരാബാദ് ബലാല്സംഗ കൊലപാതകക്കേസിലെ പ്രതികളെ വെടിവെച്ച് കൊന്ന പോലീസ് നടപടിയെ സ്വാഗതം ചെയ്ത് ഡല്ഹി പെണ്കുട്ടിയുടെ മാതാപിതാക്കള്.
 | 
ഹൈദരാബാദ്; പോലീസ് നടപടി സ്വാഗതം ചെയ്ത് നിര്‍ഭയയുടെ മാതാപിതാക്കള്‍

ന്യൂഡല്‍ഹി: ഹൈദരാബാദ് ബലാല്‍സംഗ കൊലപാതകക്കേസിലെ പ്രതികളെ വെടിവെച്ച് കൊന്ന പോലീസ് നടപടിയെ സ്വാഗതം ചെയ്ത് ഡല്‍ഹി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ഇത്തരം ഒരു ശിക്ഷ പ്രതികള്‍ക്ക് കിട്ടിയതില്‍ തനിക്ക് സന്തോഷമുണ്ടെന്നും പോലീസ് മഹത്തായ കാര്യമാണ് ചെയ്തിരിക്കുന്നതെന്നുമായിരുന്നു നിര്‍ഭയയുടെ അമ്മ ആഷാദേവിയുടെ പ്രതികരണം.

ക്രിമിനലുകള്‍ക്ക് ഇത്തരം ശിക്ഷയാണ് ലഭിക്കേണ്ടത്. ഈ സംഭവത്തില്‍ പോലീസുകാര്‍ക്ക് എതിരെ നടപടിയെടുകക്കരുതെന്നും കുറ്റവാളികള്‍ക്ക് പോലീസിനെ ഭയമുണ്ടാകണമെന്നും അവര്‍ പറഞ്ഞുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി മകളുടെ കൊലപാതകികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി കോടതികള്‍ കയറിയിറങ്ങുകയാണ്. എന്നാല്‍ പ്രതികള്‍ക്ക് മനുഷ്യാവകാശം ഉണ്ടെന്നാണ് കോടതി പറയുന്നത്.

ഇപ്പോള്‍ തെലങ്കാന പോലീസ് ഒരു വലിയ മാറ്റമാണ് കൊണ്ടുവന്നിരിക്കുന്നത്. താന്‍ അതില്‍ സന്തോഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത ശേഷം ചുട്ടുകൊന്ന കേസിലെ നാല് പ്രതികളെ പോലീസ് വെടിവെച്ച് കൊന്നത്.

ഏറ്റുമുട്ടലില്‍ ഇവര്‍ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് അറിയിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കുറ്റകൃത്യം പുനരാവിഷ്‌കരിക്കുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും അതുകൊണ്ടാണ് വെടിവെക്കേണ്ടി വന്നതെന്നുമാണ് പോലീസ് വിശദീകരിക്കുന്നത്. ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനര്‍മാരായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവുലു എന്നിവരാണ് കൊല്ലപ്പെട്ടത്.