സാമ്പത്തിക പ്രതിസന്ധി; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് നിര്‍മല സീതാരാമന്റെ ഭര്‍ത്താവ്

രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തില് കേന്ദ്രസര്ക്കാരിനെ വിമര്ശിച്ച് കേന്ദ്ര ധനമന്ത്രി നിര്മല സീതാരാമന്റെ ഭര്ത്താവ് പരകാല പ്രഭാകര്.
 | 
സാമ്പത്തിക പ്രതിസന്ധി; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് നിര്‍മല സീതാരാമന്റെ ഭര്‍ത്താവ്

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവ് പരകാല പ്രഭാകര്‍. പുതിയ നയങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഹിന്ദു ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ സാമ്പത്തിക വിദ്ഗ്ദ്ധനായ പ്രഭാകര്‍ ആവശ്യപ്പെടുന്നു. നെഹ്‌റുവിന്റെ നയങ്ങളെ വിമര്‍ശിക്കുന്നതിന് പകരം കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരായിരുന്ന നരസിംഹറാവുവിന്റെയും മന്‍മോഹന്‍സിങ്ങിന്റെയും സാമ്പത്തിക മോഡല്‍ പിന്തുടരുകയാണ് ബിജെപി ചെയ്യേണ്ടതെന്നും പ്രഭാകര്‍ ലേഖനത്തില്‍ പറയുന്നു.

കേന്ദ്രം സമ്മതിക്കുന്നില്ലെങ്കിലും പൊതുമണ്ഡലത്തില്‍ എത്തുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത് എല്ലാ മേഖലയിലും ഗുരുതരമായ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട് എന്നതാണ്. ജിഡിപി വളര്‍ച്ച ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു. തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഈ സാഹചര്യം കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. വിഷയത്തെ നേരിടാന്‍ തയ്യാറാകാന്‍ ഇനിയും തെളിവുകള്‍ ആവശ്യമില്ല.

ബിജെപി വെച്ചുപുലര്‍ത്തുന്ന വ്യാഖ്യാനിക്കപ്പെടാത്ത ഒരുതരം വിമുഖതയാണ് ഈ പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം. ഭാരതീയ ജനസംഘത്തിന്റെ കാലം മുതല്‍ തന്നെ നെഹറുവിയന്‍ ആശയങ്ങളോടുള്ള നിരാസം പ്രകടമായിരുന്നു. പാര്‍ട്ടിയെ കേന്ദ്രത്തിലും മറ്റ് സംസ്ഥാനങ്ങൡലും അധികാരത്തില്‍ എത്തിച്ചതിന് പിന്നില്‍ സാമ്പത്തിക നയങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.