വിവാദ ആള്‍ദൈവം നിത്യാനന്ദ രാജ്യം വിട്ടു; സൂചന നല്‍കി പോലീസ്

വിവാദ ആള്ദൈവം നിത്യാനന്ദ ഇന്ത്യ വിട്ടതായി സൂചന.
 | 
വിവാദ ആള്‍ദൈവം നിത്യാനന്ദ രാജ്യം വിട്ടു; സൂചന നല്‍കി പോലീസ്

ഗാന്ധിനഗര്‍: വിവാദ ആള്‍ദൈവം നിത്യാനന്ദ ഇന്ത്യ വിട്ടതായി സൂചന. തട്ടിക്കൊണ്ട് പോകലിനും അന്യായ തടങ്കലിനും കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് ഇയാള്‍ രാജ്യം വിട്ടതെന്നാണ് വിവരം. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലേക്കാണ് ഇയാള്‍ കടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരണം നല്‍കിയിട്ടില്ല. കര്‍ണാടകയില്‍ ബലാല്‍സംഗക്കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ നിത്യാനന്ദ രാജ്യം വിട്ടുവെന്ന് അഹമ്മദാബാദ് എസ്പി ആര്‍.വി അസരിയാണ് അറിയിച്ചത്.

നിത്യാനന്ദയ്‌ക്കെതിരെ കര്‍ണാടകയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തങ്ങളുടെ രണ്ട് പെണ്‍മക്കളെ നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തില്‍ തടഞ്ഞ് വെച്ചിരിക്കുന്നതായി ബംഗളൂരു സ്വദേശികളായ ദമ്പതിമാര്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കുകയാണ്.

ദമ്പതികളുടെ പരാതിയിലാണ് നിത്യാനന്ദയ്‌ക്കെതിരെ തട്ടിക്കൊണ്ടു പോകല്‍, അന്യായമായി തടങ്കലില്‍ വെക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്. നിത്യാനന്ദയുടെ പ്രാണപ്രിയ, പ്രാണതത്വ എന്നീ അനുയായികളെ അഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.