അഹമ്മദാബാദില്‍ സ്വീകരിക്കാനെത്തുന്നത് 10 ദശലക്ഷം പേരെന്ന് മോദി പറഞ്ഞു; പുതിയ അവകാശവാദവുമായി ട്രംപ്

അഹമ്മദാബാദിലെത്തുന്ന തന്നെ സ്വീകരിക്കാന് 10 ദശലക്ഷം പേരുണ്ടാകുമെന്ന് നരേന്ദ്ര മോദി പറഞ്ഞുവെന്ന് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്.
 | 
അഹമ്മദാബാദില്‍ സ്വീകരിക്കാനെത്തുന്നത് 10 ദശലക്ഷം പേരെന്ന് മോദി പറഞ്ഞു; പുതിയ അവകാശവാദവുമായി ട്രംപ്

കൊളറോഡോ സ്പ്രിംഗ്‌സ്: അഹമ്മദാബാദിലെത്തുന്ന തന്നെ സ്വീകരിക്കാന്‍ 10 ദശലക്ഷം പേരുണ്ടാകുമെന്ന് നരേന്ദ്ര മോദി പറഞ്ഞുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്നലെ കൊളൊറാഡോ സ്പ്രിംഗ്‌സില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് ട്രംപിന്റെ പുതിയ അവകാശവാദം. 70 ലക്ഷം പേര്‍ തന്നെ സ്വീകരിക്കാനായി അണിനിരക്കുമെന്നായിരുന്നു കഴിഞ്ഞയാഴ്ച ട്രംപ് അവകാശപ്പെട്ടത്.

വിമാനത്താവളത്തില്‍ നിന്ന് മോദിയും ട്രംപും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്ന ക്രിക്കറ്റ് സ്റ്റേഡിയം വരെയുള്ള 22 കിലോമീറ്റര്‍ ദൂരത്തില്‍ ഇത്രയും ആളുകള്‍ ഉണ്ടാകുമെന്നാണ് തന്നോട് മോദി പറഞ്ഞതെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ കഷ്ടിച്ച് ഒരു ലക്ഷം പേര്‍ മാത്രമേ എത്താന്‍ സാധ്യതയുള്ളുവെന്നാണ് അഹമ്മദാബാദ് മുനിസിപ്പല്‍ കമ്മീഷണര്‍ വിജയ് നെഹ്‌റ പറഞ്ഞതെന്ന് ഇന്നലെ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഗുജറാത്തിലെ വലിയ നഗരങ്ങളില്‍ ഒന്നായ അഹമ്മദാബാദിലെ ജനസംഖ്യ 70 മുതല്‍ 80 ലക്ഷം വരെ മാത്രമാണെന്ന് കണക്കുകള്‍ പറയുന്നു. ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിനും സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന നമസ്‌തേ ട്രംപ് പരിപാടിക്കും മുന്‍പായി വിമാനത്താവളത്തില്‍ നിന്ന് സ്റ്റേഡിയം വരെയുള്ള 22 കിലോമീറ്റര്‍ ദൂരം റോഡ് ഷോ ആയാണ് ഇരു നേതാക്കളും എത്തുക.