ഒബാമ ആദ്യം അന്വേഷിക്കുന്നത് കൃത്യമായി ഉറങ്ങുന്നുണ്ടോ എന്നാണ്, നുണ പറഞ്ഞ് ദീര്‍ഘകാലം ജനങ്ങളുടെ മതിപ്പ് നേടാനാവില്ല; മോഡി

ബോളിവുഡ് നടന് അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തിലാണ് മോഡി ഇക്കാര്യങ്ങള് പറഞ്ഞത്.
 | 
ഒബാമ ആദ്യം അന്വേഷിക്കുന്നത് കൃത്യമായി ഉറങ്ങുന്നുണ്ടോ എന്നാണ്, നുണ പറഞ്ഞ് ദീര്‍ഘകാലം ജനങ്ങളുടെ മതിപ്പ് നേടാനാവില്ല; മോഡി

ന്യൂഡല്‍ഹി: തന്റെ ശീലങ്ങളെക്കുറിച്ചും ലോകനേതാക്കളുമായുള്ള ബന്ധങ്ങളെക്കുറിച്ചും വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചാണ് മോഡി ഏറ്റവും കൂടുതല്‍ വാചാലമായി സംസാരിച്ചത്. തന്നെ കാണുമ്പോള്‍ ഒബാമ ആദ്യം അന്വേഷിക്കുന്നത് കൃത്യമായി ഉറങ്ങുന്നുണ്ടോയെന്നാണ്. ദിവസം കുറച്ച് സമയം മാത്രം ഉറങ്ങുന്ന എന്റെ ശീലത്തെക്കുറിച്ച് അത്ഭുതത്തോടെയാണ് ഒബാമ കേട്ടത്. കൂടുതല്‍ സമയം ഉറങ്ങാന്‍ തന്നെ അദ്ദേഹം ഉപദേശിക്കാറുണ്ടെന്നും മോഡി പറയുന്നു. ബോളിവുഡ് നടന്‍ അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തിലാണ് മോഡി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ മമത ബാനര്‍ജി, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന എന്നിവരുമായി താന്‍ അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്. മമതാ ബാനര്‍ജി തനിക്ക് എല്ലാ വര്‍ഷവും കുര്‍ത്ത സമ്മാനമായി നല്‍കാറുണ്ടായിരുന്നു. ഷെയ്ക്ക് ഹസീന തനിക്ക് ബംഗാളി പലഹാരങ്ങള്‍ നല്‍കാറുണ്ടെന്ന് മമത അറിഞ്ഞിരുന്നു. പിന്നീട് മമതയും ബംഗാളി പലഹാരങ്ങള്‍ തനിക്ക് കൊടുത്തയക്കാന്‍ തുടങ്ങി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ഇക്കാര്യങ്ങള്‍ തുറന്നു പറയാന്‍ മടിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

കുടുംബത്തിനൊപ്പം അധികം സമയം ചെലവഴിക്കാന്‍ കഴിഞ്ഞിട്ടില്ല. അമ്മയ്ക്കും സഹോദരങ്ങള്‍ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമുള്ള ജീവിതം വളരെ ചെറുപ്പത്തില്‍ത്തന്നെ തനിക്ക് നഷ്ടപ്പെട്ടു. തനിക്കൊപ്പം ചെലവഴിച്ച് സമയം നഷ്ടപ്പെടുത്തുന്നത് എന്തിനെന്ന് അമ്മ ചോദിക്കാറുണ്ട്. മുഖ്യമന്ത്രിയായിരുന്നുപ്പോള്‍ പോലും വ്യക്തിപരമായ ചെലവുകള്‍ സ്വയം വഹിക്കാനാണ് ശ്രമിച്ചത്. അമ്മ ഇപ്പോഴും തനിക്ക് പണം തരാറുണ്ടെന്നും മോഡി അഭിമുഖത്തില്‍ വ്യക്തമാക്കി. നുണ പറഞ്ഞ് ദീര്‍ഘകാലം ജനങ്ങളുടെ മതിപ്പ് നേടാനാവില്ലെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.