ഒബാമ ഇന്ത്യയിലെത്തി

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യയിലെത്തി. ഡല്ഹി പാലം വിമാനത്താവളത്തില് ഭാര്യ മിഷേലിനൊപ്പം രാവിലെ 9.45നാണ് ഒബാമ വിമാനമിറങ്ങിയത്. ഒബാമയെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോഡി വിമാനത്താവളത്തിലെത്തി. ഉന്നത ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും ഒബാമയെ അനുഗമിക്കുന്നുണ്ട്.
 | 

ഒബാമ ഇന്ത്യയിലെത്തി
ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യയിലെത്തി. ഡല്‍ഹി പാലം വിമാനത്താവളത്തില്‍ ഭാര്യ മിഷേലിനൊപ്പം രാവിലെ 9.45നാണ് ഒബാമ വിമാനമിറങ്ങിയത്. ഒബാമയെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോഡി വിമാനത്താവളത്തിലെത്തി. ഉന്നത ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും ഒബാമയെ അനുഗമിക്കുന്നുണ്ട്.

ഉച്ചയ്ക്ക് 12ന് രാഷ്ട്രപതി ഭവനിൽ ഒരുക്കിയിരിക്കുന്ന സ്വീകരണത്തോടെ ഒബാമയുടെ ഇന്ത്യാ സന്ദർശനത്തിന് ഔദ്യോഗികമായി തുടക്കമാകും. രാഷ്ട്രപതി പ്രണബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചേർന്നാണ് ഒബാമയെ സ്വീകരിക്കുക. 12.40ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ ഉപചാരമർപ്പിക്കുന്ന ഒബാമ അവിടെ നടക്കുന്ന വൃക്ഷത്തൈ നടീൽ പരിപാടിയിൽ പങ്കെടുക്കും. ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പമാണ് ഒബാമയുടെ ഉച്ചഭക്ഷണം. 2.45ന് ഇരുവരുമൊത്ത് വോക് ആൻഡ് ടോക് നടക്കും. തുടർന്ന് ഒരു മണിക്കൂർ നീളുന്ന ഇന്ത്യ യു.എസ് ഉന്നതതല ഉഭയകക്ഷി ചർച്ച. 4.10ന് മോഡി ഒബാമ സംയുക്ത വാർത്താസമ്മേളനം. രാത്രി 7.35ന് ഐ.ടി.സി. മൗര്യ ഹോട്ടലിൽ അമേരിക്കൻ എംബസി ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച. 7.50ന് രാഷ്ട്രപതി ഭവനിൽ പ്രണബ് മുഖർജിയുടെ അത്താഴവിരുന്ന്.

നാളെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങുകളിൽ മുഖ്യാതിഥിയായി സംബന്ധിക്കുന്ന ഒബാമ അതിനുശേഷം രാഷ്ട്രപതി ഭവനിൽ പ്രണബ് മുഖർജിയുടെ സൽക്കാരം സ്വീകരിക്കും. ഇതാദ്യമായാണ് യു എസ് പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി എത്തുന്നത്. ചൊവ്വാഴ്ച ഡൽഹിയിലെ സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രഭാഷണത്തിനു ശേഷം ഒബാമ സഊദി അറേബ്യയിലേക്ക് മടങ്ങും. ചൊവ്വാഴ്ചത്തെ താജ്മഹൽ സന്ദർശനം ഒബാമ റദ്ദാക്കിയതായി വൈറ്റ്ഹൗസ് അധികൃതർ സ്ഥിരീകരിച്ചു. സഊദിയിൽ അബ്ദുല്ല രാജാവിന്റെ മരണശേഷം അധികാരമേറ്റ സൽമാൻ രാജാവിനെ സന്ദർശിക്കുന്നതിനായാണ് താജ് മഹൽ സന്ദർശനം റദ്ദാക്കിയത്.