ബിഹാറിലെ മസ്തിഷ്‌കജ്വര മരണങ്ങള്‍; ലിച്ചിപ്പഴത്തിലെ വിഷാംശം പരിശോധിക്കാന്‍ ഉത്തരവിട്ട് ഒഡിഷ

ബിഹാറില് മസ്തിഷ്കജ്വരം മൂലം നൂറിലേറെ കുട്ടികള് മരിച്ച സാഹചര്യത്തില് ലിച്ചിപ്പഴത്തിലെ വിഷാംശം പരിശോധിക്കാന് ഉത്തരവിട്ട് ഒഡിഷ സര്ക്കാര്.
 | 
ബിഹാറിലെ മസ്തിഷ്‌കജ്വര മരണങ്ങള്‍; ലിച്ചിപ്പഴത്തിലെ വിഷാംശം പരിശോധിക്കാന്‍ ഉത്തരവിട്ട് ഒഡിഷ

ഭുബനേശ്വര്‍: ബിഹാറില്‍ മസ്തിഷ്‌കജ്വരം മൂലം നൂറിലേറെ കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ ലിച്ചിപ്പഴത്തിലെ വിഷാംശം പരിശോധിക്കാന്‍ ഉത്തരവിട്ട് ഒഡിഷ സര്‍ക്കാര്‍. സംസ്ഥാനത്ത് വില്‍ക്കുന്ന ലിച്ചിപ്പഴങ്ങളില്‍ മസ്തിഷ്‌കജ്വരത്തിന് കാരണമാകുന്ന വിഷാംശമുണ്ടോ എന്ന് പരിശോധിക്കാന്‍ ഒഡിഷ ആരോഗ്യ മന്ത്രി നബ കിഷോര്‍ ദാസ് ഉത്തരവിട്ടു. ബിഹാറില്‍ ലിച്ചി കൃഷി ചെയ്യുന്ന മുസാഫര്‍പൂരിലും പരിസരങ്ങിളിലുമാണ് മസ്തിഷ്‌കജ്വരം പടരുന്നത്. ഈ രോഗം ബാധിച്ച് 109 കുട്ടികളാണ് ഇതുവരെ മരിച്ചത്.

ലിച്ചിപ്പഴത്തിലെ ചില വിഷവസ്തുക്കള്‍ ഈ രോഗത്തിന് കാരണമാകുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്താന്‍ ഒഡിഷ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. വിപണിയിലെത്തിയിരിക്കുന്ന ലിച്ചിയുടെ സാമ്പിളുകള്‍ ശേഖരിക്കാന്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഭക്ഷ്യ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. രാത്രി ഭക്ഷണം കഴിക്കാതെ ഉറങ്ങുന്നതും വരണ്ട കാലാവസ്ഥയിലുണ്ടാകുന്ന നിര്‍ജ്ജലീകരണവും വെറും വയറ്റില്‍ ലിച്ചി കഴിക്കുന്നതും മസ്തിഷ്‌കജ്വരത്തിന് കാരണമാകുമെന്ന് ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡേ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്നാല്‍ ബിഹാറില്‍ പടരുന്ന മസ്തിഷ്‌കജ്വരം ഒരു വൈറസ് രോഗമാണ്. കടുത്ത പനിയും തലവേദനയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളാണ് ഈ രോഗത്തിനുള്ളത്. ഇതുവരെ 109 പേര്‍ ഈ രോഗബാധയാല്‍ മരിച്ചു. ആശുപത്രികളില്‍ വേണ്ട സൗകര്യങ്ങള്‍ ഇല്ലെന്ന് രോഗികളായ കുട്ടികളുടെ മാതാപിതാക്കള്‍ ആരോപണം ഉയര്‍ത്തിയിരുന്നു. സന്ദര്‍ശനത്തിന് എത്തിയ കേന്ദ്ര ആരോഗ്യമന്ത്രിക്കു നേരെ ജനരോഷവും ഉണ്ടായി. ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് നിര്‍ദേശം നല്‍കിയാലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അത് അവഗണിക്കുന്നതാണ് ഈ മാരക രോഗം എല്ലാ വര്‍ഷവും ഉടലെടുക്കുന്നതെന്ന് ഡോ.കഫീല്‍ ഖാന്‍ ആരോപിച്ചിരുന്നു.