ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍; സുതാര്യത അനിവാര്യമെന്ന് സുപ്രീം കോടതി

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയില്.
 | 
ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍; സുതാര്യത അനിവാര്യമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. പൊതുതാല്‍പര്യം സംരക്ഷിക്കാന്‍ സുതാര്യത അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി. വര്‍ഷങ്ങളോളം നീണ്ട തര്‍ക്കത്തിനാണ് ഈ വിധിയിലൂടെ തീര്‍പ്പായിരിക്കുന്നത്.

ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ആയിരുന്ന എസ്.രവീന്ദ്ര ഭട്ട് 2009 സെപ്റ്റംബറില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പബ്ലിക് അതോറിറ്റിയാണെന്നും അതിനാല്‍ വിവരാവകാശ നിയമത്തിന് കീഴില്‍ വരുമെന്നും വിധിച്ചിരുന്നു. സുപ്രീം കോടതി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇതിനെ എതിര്‍ത്തെങ്കിലും നീതിന്യായ സംവിധാനം ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും ഇക്കാലത്ത് സുതാര്യമാക്കപ്പെടേണ്ടതാണെന്നും നിയമ സംവിധാനത്തിന് മാത്രം ഇതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനാകില്ലെന്നും ജസ്റ്റിസ് ഭട്ട് വ്യക്തമാക്കി.

സുഭാഷ് ചന്ദ്ര അഗര്‍വാള്‍ എന്നയാള്‍ സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്തു വിവരങ്ങള്‍ വിവരാവകാശ നിയമ പ്രകാരം ചോദിച്ചതോടെയാണ് തര്‍ക്കങ്ങള്‍ ആരംഭിച്ചത്. സുപ്രീം കോടതി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും അത് നിരസിക്കപ്പെട്ടു. ഇതോടെ നിയമനടപടികള്‍ ആരംഭിക്കുകയായിരുന്നു. ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു.

എന്നാല്‍ 2010 ജനുവരി 12ന് സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ഇതിനെതിരെ 2010 നവംബറില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ലഭിച്ചു. 2016 ഓഗസ്റ്റില്‍ കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടു. കഴിഞ്ഞ ഏപ്രിലില്‍ വാദം പൂര്‍ത്തിയായ ശേഷം വിധി പറയുന്നതിനായി മാറ്റുകയായിരുന്നു.