തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം; ഓട്ടോ ഡ്രൈവര്‍ പോലീസ് മര്‍ദ്ദനമേറ്റ് മരിച്ചു

തമിഴ്നാട്ടില് വീണ്ടും കസ്റ്റഡി മരണം.
 | 
തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം; ഓട്ടോ ഡ്രൈവര്‍ പോലീസ് മര്‍ദ്ദനമേറ്റ് മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം. പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് തിരുനല്‍വേലിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുമരേശന്‍ എന്ന ഓട്ടോ ഡ്രൈവറാണ് മരിച്ചത്. 15 ദിവസത്തോളം ചികിത്സയിലായിരുന്നു. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച കുമരേശന്‍ ഒരു ദിവസത്തിന് ശേഷമാണ് വീട്ടിലെത്തിയത്.

വീട്ടിലെത്തിയ ശേഷം ആരോടും സംസാരിക്കാതിരുന്ന കുമരേശനെ രക്തം ഛര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ സുരണ്ടായിലെ ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്ന് തിരുനല്‍വേലിയിലേക്ക് മാറ്റുകയായിരുന്നു. വൃക്കയുള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതമേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇതേത്തുടര്‍ന്നാണ് പോലീസുകാര്‍ മര്‍ദ്ദിച്ച കാര്യം കുമരേശന്‍ വെളിപ്പെടുത്തിയത്.

കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ അപായപ്പെടുത്തുമെന്നും പിതാവിനെ ഉപദ്രവിക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയെന്ന് കുമരേശന്‍ വെളിപ്പെടുത്തി. സംഭവത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രശേഖര്‍, കോണ്‍സ്റ്റബിളായ കുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.

തൂത്തുക്കുടിയില്‍ മൊബൈല്‍ ഷോപ്പ് ഉടമസ്ഥരായിരുന്ന അച്ഛനെയും മകനെയും കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവം വിവാദമായതിനിടെയാണ് മറ്റൊരു കസ്റ്റഡി കൊലയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. സാത്താങ്കുളം സ്വദേശി ജയരാമന്‍ (58) മകന്‍ ബെനിക്‌സ് (31) എന്നിവരാണ് ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. ഇവരുടെ മലദ്വാരത്തില്‍ കമ്പി കുത്തിക്കയറ്റിയിരുന്നുവെന്ന് വ്യക്തമായിരുന്നു.