വിക്രം ലാന്‍ഡര്‍ നഷ്ടമായാലും ചന്ദ്രയാനിലെ 95 ശതമാനം ദൗത്യവും നടക്കും; ഓര്‍ബിറ്റര്‍ പ്രവര്‍ത്തനക്ഷമം

അവസാന നിമിഷം ആശയവിനിമയം നഷ്ടമായതോടെ ചന്ദ്രനിലിറങ്ങാനുള്ള ഇന്ത്യന് പ്രതീക്ഷയ്ക്ക് മങ്ങലേറ്റെങ്കിലും ചാന്ദ്ര ദൗത്യത്തിന് മുടക്കമുണ്ടാവില്ല.
 | 
വിക്രം ലാന്‍ഡര്‍ നഷ്ടമായാലും ചന്ദ്രയാനിലെ 95 ശതമാനം ദൗത്യവും നടക്കും; ഓര്‍ബിറ്റര്‍ പ്രവര്‍ത്തനക്ഷമം

ബംഗളൂരു: അവസാന നിമിഷം ആശയവിനിമയം നഷ്ടമായതോടെ ചന്ദ്രനിലിറങ്ങാനുള്ള ഇന്ത്യന്‍ പ്രതീക്ഷയ്ക്ക് മങ്ങലേറ്റെങ്കിലും ചാന്ദ്ര ദൗത്യത്തിന് മുടക്കമുണ്ടാവില്ല. വിക്രം ലാന്‍ഡറില്‍ നിന്ന് സിഗ്നല്‍ ലഭിക്കാത്തതിനാല്‍ ഇതിന് എന്ത് സംഭവിച്ചുവെന്നത് ശാസ്ത്രജ്ഞര്‍ക്കും വ്യക്തമല്ല. സിഗ്നല്‍ ലഭിക്കുന്നത് കാത്തിരിക്കുകയാണ് ഐഎസ്‌ഐആര്‍ഒ ശാസ്ത്രജ്ഞര്‍. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി പര്യവേഷണം നടത്താന്‍ ഉദ്ദേശിച്ചിരുന്ന ലാന്‍ഡര്‍ ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ വെറും 5 ശതമാനം മാത്രമാണെന്നാണ് ശാസ്ത്രജ്ഞര്‍ അറിയിക്കുന്നത്.

95 ശതമാനം പരീക്ഷണങ്ങളും ഓര്‍ബിറ്ററായിരിക്കും നടത്തുകയെന്നാണ് ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നത്. അടുത്ത ഒരു വര്‍ഷക്കാലം ചന്ദ്രന്റെ ചിത്രങ്ങള്‍ എടുത്ത് ഐഎസ്ആര്‍ഒയിലേക്ക് അയക്കാന്‍ ഓര്‍ബിറ്ററിന് കഴിയും. ലാന്‍ഡറിന്റെ ചിത്രങ്ങള്‍ എടുക്കാനും അതിന്റെ നിലവിലുള്ള അവസ്ഥ എന്താണെന്ന വിവരങ്ങള്‍ നല്‍കാനും ഓര്‍ബിറ്ററിന് കഴിയും. ലാന്‍ഡറിലുള്ള പ്രഗ്യാന്‍ റോവറിന് 14 ദിവസത്തെ ആയുസ് മാത്രമേയുള്ളു.

ചന്ദ്രനിലിറങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ചന്ദ്രോപരിതലത്തില്‍ നിന്ന് വെറും 2.1 കിലോമീറ്റര്‍ മുകളിലായിരുന്നു ഈ സമയത്ത് പേടകം.