ഹിന്ദു വിവാഹ നിയമം അനുസരിച്ച് സ്വവര്‍ഗ്ഗ വിവാഹ രജിസ്‌ട്രേഷന്‍; മൂല്യങ്ങള്‍ അനുവദിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഹിന്ദു വിവാഹ നിയമം അനുസരിച്ച് സ്വവര്ഗ്ഗ വിവാഹം രജിസ്റ്റര് ചെയ്യുന്ന വിഷയത്തില് വിയോജിപ്പ് അറിയിച്ച് കേന്ദ്രസര്ക്കാര്.
 | 
ഹിന്ദു വിവാഹ നിയമം അനുസരിച്ച് സ്വവര്‍ഗ്ഗ വിവാഹ രജിസ്‌ട്രേഷന്‍; മൂല്യങ്ങള്‍ അനുവദിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹിന്ദു വിവാഹ നിയമം അനുസരിച്ച് സ്വവര്‍ഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന വിഷയത്തില്‍ വിയോജിപ്പ് അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ വിയോജിപ്പ് അറിയിച്ചത്. രാജ്യത്തെ നിയമവും സമൂഹവും മൂല്യങ്ങളും ഇത്തരം രജിസ്‌ട്രേഷന്‍ അംഗീകരിക്കുന്നില്ല. ‘പവിത്രമായ’ വിവാഹം ഒരേ ലിംഗത്തില്‍ പെട്ടവര്‍ തമ്മില്‍ അനുവദിക്കാനാവില്ല. ഹര്‍ജി അനുസരിച്ച് സ്വവര്‍ഗ്ഗ വിവാഹത്തിന് രജിസ്‌ട്രേഷന്‍ അനുവദിക്കാനാവില്ലെന്നും അപ്രകാരം ചെയ്യുന്നത് നിലവിലുള്ള നിയമ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേന്ദ്ര നിലപാട് കോടതിയില്‍ അറിയിച്ചത്.

സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമല്ലെന്ന് വിധിക്കുക മാത്രമാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ചെയ്തത്. ഹിന്ദു മാര്യേജ് ആക്ട് അനുസരിച്ച് വിലക്കപ്പെട്ടിട്ടുള്ള ബന്ധങ്ങളില്‍ സ്ത്രീകളും പുരുഷന്‍മാരും ഏര്‍പ്പെടരുതെന്നും തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍, ജസ്റ്റിസ് പ്രതീക് ജലാന്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തത് സംബന്ധിച്ചായിരുന്നു ഹര്‍ജി. സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ നിയമപരമായ വിലക്കുകള്‍ ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രത്യേക പരാമര്‍ശമില്ലാത്തതിനാല്‍ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാവുന്നില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

രജിസ്‌ട്രേഷന്‍ നിഷേധിക്കുന്നത് സമത്വത്തിനും ജീവിക്കാനുമുള്ള ഭരണഘടനാ അവകാശങ്ങളുടെ നിഷേധമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. കേസ് കോടതി ഒക്ടോബറില്‍ വീണ്ടും വാദം കേള്‍ക്കും. വിവാഹം നിഷേധിക്കപ്പെട്ടതിനാല്‍ വിഷമം അനുഭവിക്കുന്നവരുണ്ടെങ്കില്‍ അത്തരം കേസുകളുടെ വിവരങ്ങള്‍ ഹാജരാക്കണമെന്നും ഹര്‍ജിക്കാരോട് കോടതി നിര്‍ദേശിച്ചു.