ചിദംബരത്തിനെ ചോദ്യം ചെയ്യുന്നു, വൈകീട്ട് കോടതിയില്‍ ഹാജരാക്കും; ഡല്‍ഹിയില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍

കേസിലെ മറ്റൊരു പ്രതിയായ ചിദംബരത്തിന്റെ മകന് കാര്ത്തിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികള് സ്വീകരിക്കുമെന്ന് സിബിഐ അറിയിച്ചിട്ടുണ്ട്.
 | 
ചിദംബരത്തിനെ ചോദ്യം ചെയ്യുന്നു, വൈകീട്ട് കോടതിയില്‍ ഹാജരാക്കും; ഡല്‍ഹിയില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍

ന്യൂഡല്‍ഹി: അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരത്തെ സിബിഐ ചോദ്യം ചെയ്യുന്നു. ഇന്ന് വൈകീട്ടായിരിക്കും അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുക. അതേസമയം സിബിഐയുടെ ചോദ്യം ചെയ്യലിനോട് ചിദംബരം സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി പകവീട്ടുകയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഏറെ നാടകീയതകള്‍ക്കൊടുവിലാണ് കഴിഞ്ഞ രാത്രി ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത്.

ചിദംബരം ഒളിവില്‍ പോകുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. കോണ്‍ഗ്രസ് ആസ്ഥാനത്ത് സിബിഐ സന്ദര്‍ശനം നടത്തിയതിന് ശേഷം ചിദംബരത്തിന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു. വീടിന്റെ ഗേറ്റുകള്‍ പൂട്ടിയതിനാല്‍ മതില്‍ ചാടി കടന്നാണ് അന്വേഷണസംഘം അകത്ത് പ്രവേശിച്ചത്. കേസിലെ മറ്റൊരു പ്രതിയായ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സിബിഐ അറിയിച്ചിട്ടുണ്ട്. അതേസമയം കാശ്മീരുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തിയിരിക്കുന്ന നീക്കത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് അറസ്റ്റെന്ന് കാര്‍ത്തി പ്രതികരിച്ചു.

ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ഇന്നലെ 50ലേറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. മറുവശത്ത് കോണ്‍ഗ്രസിനെതിരായി മുദ്രാവാക്യം വിളിച്ച് ബി.ജെ.പി അനുഭാവികളും എത്തിയതോടെ സ്ഥലത്ത് ചെറിയ സംഘര്‍ഷ സാധ്യതയുണ്ടായി. പോലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് രംഗം ശാന്തമാക്കിയത്.

അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് അയോധ്യ കേസിന്റെ വാദവുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ ജസ്റ്റിസ് എന്‍.വി രമണയാണ് കേസ് പരിഗണിച്ചത്. കേസ് ദ്രുതഗതിയില്‍ പരിഗണിക്കാവുന്ന ഒന്നല്ലെന്നും വിഷയത്തില്‍ ചീഫ് ജസ്റ്റിസിനെ സമീപിക്കുന്നുവെന്നുമാണ് ജസ്റ്റിസ് രമണ വ്യക്തമാക്കിയത്.