പതഞ്ജലിയുടെ കൊറോണില്‍ വില്‍ക്കാന്‍ കേന്ദ്രത്തിന്റെ അനുമതി; കോവിഡ് മരുന്നായി വില്‍ക്കരുതെന്ന് നിര്‍ദേശം

കോവിഡ് മരുന്ന് എന്ന പേരില് പതഞ്ജലി പുറത്തിറക്കിയ മരുന്ന് കിറ്റിന് വില്പനാനുമതി നല്കി കേന്ദ്രസര്ക്കാര്.
 | 
പതഞ്ജലിയുടെ കൊറോണില്‍ വില്‍ക്കാന്‍ കേന്ദ്രത്തിന്റെ അനുമതി; കോവിഡ് മരുന്നായി വില്‍ക്കരുതെന്ന് നിര്‍ദേശം

ന്യൂഡല്‍ഹി: കോവിഡ് മരുന്ന് എന്ന പേരില്‍ പതഞ്ജലി പുറത്തിറക്കിയ മരുന്ന് കിറ്റിന് വില്‍പനാനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. കൊറോണില്‍ എന്ന പേരില്‍ പുറത്തിറക്കിയ മരുന്നിന് കേന്ദ്ര ആയുഷ് മന്ത്രാലയമാണ് വില്‍പനയ്ക്ക് അനുമതി നല്‍കിയത്. കോവിഡ് മരുന്ന് എന്ന പേരില്‍ വില്‍ക്കരുത് എന്ന നിബന്ധന മാത്രമാണ് നല്‍കിയിരിക്കുന്നത്. കോവിഡ് ഭേദമാക്കും എന്ന അവകാശവാദവുമായി അവതരിപ്പിച്ച മരുന്ന് ഇപ്പോള്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതെന്ന പേരിലാണ് വില്‍ക്കാന്‍ കമ്പനി തയ്യാറെടുക്കുന്നത്.

കോവിഡ് ട്രീറ്റ്‌മെന്റ് എന്നതിന് പകരം കോവിഡ് മാനേജ്‌മെന്റ് എന്ന വിശേഷണമായിരിക്കണം മരുന്നിന് ഉപയോഗിക്കേണ്ടതെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഹരിദ്വാറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാംദേവ് പറഞ്ഞു. കോവിഡ് ചികിത്സക്ക് എന്ന പ്രയോഗത്തില്‍ നിന്ന് പിന്‍മാറിയിട്ടിണ്ടെങ്കിലും കോവിഡ് രോഗികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ മരുന്ന് വിജയമായിരുന്നുവെന്നാണ് കമ്പനി ഇപ്പോഴും അവകാശപ്പെടുന്നത്.

ഏഴ് ദിവസത്തില്‍ കോവിഡ് രോഗികള്‍ ഈ മരുന്ന് ഉപയോഗിച്ചതിലൂടെ സുഖം പ്രാപിച്ചുവെന്ന് പ്രസ്താവനയില്‍ പതഞ്ജലി പറയുന്നു. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നല്‍കിയ ലൈസന്‍സിന്റെ അടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെട്ട മൂന്ന് മരുന്നുകളാണ് ഇവയെന്നും ഇവയുടെ നിര്‍മാണത്തിന് രാജ്യമൊട്ടാകെയുള്ള വില്‍പനയ്ക്കുമാണ് കേന്ദ്രം ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നതെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.

കോവിഡ് ഭേദമാക്കും എന്ന പേരില്‍ പതഞ്ജലി മരുന്ന് അവതരിപ്പിച്ചപ്പോള്‍ കേന്ദ്ര ആയുഷ് മന്ത്രാലയം ഇതിന്റെ വില്‍പന തടഞ്ഞിരുന്നു. ശാസ്ത്രീയമായി തെളിയിക്കപ്പെടാതെ കോവിഡ് ചികിത്സക്കെന്ന പേരില്‍ മരുന്ന പുറത്തിറക്കിയതാണ് വിലക്കിന് കാരണമായത്. ലൈസന്‍സിന് അപേക്ഷ ലഭിച്ചപ്പോള്‍ ഇത് കോവിഡ് ചികിത്സക്കുള്ള മരുന്നാണെന്ന് പതഞ്ജലി വ്യക്തമാക്കിയിരുന്നില്ലെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാരും അറിയിച്ചിരുന്നു.