സമാധാനപരമായി പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളെന്ന് വിളിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി

സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ദേശവിരുദ്ധരെന്നും രാജ്യദ്രോഹികളെന്നും വിളിക്കാന് കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി.
 | 
സമാധാനപരമായി പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളെന്ന് വിളിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ദേശവിരുദ്ധരെന്നും രാജ്യദ്രോഹികളെന്നും വിളിക്കാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന് അനുമതി നിഷേധിച്ച സംഭവത്തില്‍ ലഭിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് ഈ പരാമര്‍ശത്തോടെ പ്രതിഷേധിക്കാനുള്ള അനുമതി നല്‍കുകയും ചെയ്തു.

‘ഒരു നിയമത്തിനെതിരെ പ്രതിഷേധിക്കുന്നു എന്നതുകൊണ്ടു മാത്രം ആരെയും രാജ്യദ്രോഹികളെന്നും ദേശവിരുദ്ധരെന്നും വിളിക്കാനാകില്ലെന്നാണ് ഈ കോടതി കരുതുന്നത്. ഇതൊരു പ്രതിഷേധ പ്രകടനം മാത്രമാണ്’, കോടതി നിരീക്ഷിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ബീഡ് ജില്ലയില്‍ സംഘടിപ്പിച്ച അനിശ്ചിതകാല പ്രതിഷേധത്തിനാണ് അനുമതി നിഷേധിക്കപ്പെട്ടത്. ജനുവരി 21ന് പോലീസും ജനുവരി 31ന് മജിസ്ട്രേട്ടുമാണ് ഇവര്‍ക്ക് അനുമതി നിഷേധിച്ചത്. തുടര്‍ന്ന് ഇഫ്തിഖാര്‍ ഷൈഖ് എന്നയാള്‍ ഇതിനെതിരെ കോടതിയെ സമീപിച്ചു. ജസ്റ്റിസുമാരായ ടി.വി. നലാവഡെ, എം.ജി.സെവ്ലിക്കര്‍ എന്നിരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മജല്‍ഗാവിലെ ഓള്‍ഡ് ഈദ്ഗാഹ് മൈതാനത്ത് അനിശ്ചിതകാല സമരം നടത്താനായിരുന്നു പ്രതിഷേധക്കാര്‍ ഉദ്ദേശിച്ചിരുന്നത്. സമാധാനപരമായി പ്രതിഷേധിക്കുക എന്നതു മാത്രമായിരുന്നു ഹര്‍ജിക്കാരനും മറ്റുള്ളവരും ആഗ്രഹിച്ചിരുന്നതെന്ന് കോടതി പറഞ്ഞു.