പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; പാര്‍ലമെന്റിലെ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ്, അമിത് ഷാ വിശദീകരണം നല്‍കണമെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി

പെഗാസസ് ഫോണ് ചോര്ത്തല് വിവാദം പാര്ലമെന്റില്.
 | 
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; പാര്‍ലമെന്റിലെ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ്, അമിത് ഷാ വിശദീകരണം നല്‍കണമെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം പാര്‍ലമെന്റില്‍. ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. രാജ്യസഭയില്‍ ബിനോയ് വിശ്വം എംപിയും ലോക്‌സഭയില്‍ എന്‍.കെ.പ്രേമചന്ദ്രനുമാണ് നോട്ടീസ് നല്‍കിയത്. വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരണം നല്‍കണമെന്ന് ബിജെപി എംപിയായ സുബ്രഹ്‌മണ്യന്‍ സ്വാമിയും ആവശ്യപ്പെട്ടു. വിശദീകരിച്ചാല്‍ അത് യുക്തിസഹമാകും. അല്ലെങ്കില്‍ യാഥാര്‍ത്ഥ്യം പുറത്തു വന്നാല്‍ അത് വാട്ടര്‍ഗേറ്റ് വിവാദം പോലെ ബിജെപിക്ക് ദോഷകരമാകുമെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി പറഞ്ഞു.

മൂന്ന് കേന്ദ്രമന്ത്രിമാര്‍, ഒരു സുപ്രീം കോടതി ജഡ്ജി, 40ഓളം മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേരുടെ ഫോണുകളാണ് പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തപ്പെട്ടത്. ഇസ്രായേല്‍ കമ്പനിയായ എന്‍എസ്ഒ നിര്‍മിച്ച പെഗാസസ് എന്ന ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇന്ത്യ ഉള്‍പ്പെടെ പത്തോളം രാജ്യങ്ങളില്‍ ഫോണ്‍ ചോര്‍ത്തല്‍ നടന്നതായി വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമ സ്ഥാപനങ്ങള്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

ആംനസ്റ്റി ഇന്റര്‍നാഷണലിന് ഉള്‍പ്പെടെ ചോര്‍ന്നു കിട്ടിയ ഡേറ്റാബേസുകളില്‍ നിന്നാണ് വിവരങ്ങള്‍ പുറത്തായത്. ഹിന്ദുസ്ഥാന്‍ ടൈംസ്, ദി വയര്‍, ഇന്ത്യാ ടുഡേ, നെറ്റ് വര്‍ക്ക് 18, ദി ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയ മാധ്യമങ്ങളിലെ പ്രമുഖരായ ജേര്‍ണലിസ്റ്റുകളുടെ ഫോണുകള്‍ ചോര്‍ത്തപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. കേരളത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ ജയ്‌സണ്‍ സി. കൂപ്പറിന്റെ ഫോണും ചോര്‍ത്തപ്പെട്ടിട്ടുണ്ട്.