പെരുന്നാളിന് ഇസ്ലാം മതസ്ഥർ മാംസാഹാരം കഴിക്കരുതെന്ന് മൃഗസ്‌നേഹികൾ; ഭോപ്പാലിൽ സംഘർഷം

ഇസ്ലാം മതവിശ്വാസികൾ പെരുന്നാൾ ദിനത്തിൽ മാംസാഹാരം കഴിക്കരുതെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടന നടത്തിയ മാർച്ചിന് നേരെ സംഘർഷം. ഭോപ്പാലിൽ മൃഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ പെറ്റ (പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ്) ആണ് മുസ്ലിംകൾ ബലിപെരുന്നാളിന് ഇറച്ചി കഴിക്കരുതെന്ന് ആഹ്വാനം ചെയ്ത് പ്രകടനം നടത്തിയത്.
 | 

ഭോപ്പാൽ: ഇസ്ലാം മതവിശ്വാസികൾ പെരുന്നാൾ ദിനത്തിൽ മാംസാഹാരം കഴിക്കരുതെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടന നടത്തിയ മാർച്ചിന് നേരെ സംഘർഷം. ഭോപ്പാലിൽ മൃഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ പെറ്റ (പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് അനിമൽസ്) ആണ് മുസ്ലിംകൾ ബലിപെരുന്നാളിന് ഇറച്ചി കഴിക്കരുതെന്ന് ആഹ്വാനം ചെയ്ത് പ്രകടനം നടത്തിയത്.

ഉച്ചയ്ക്ക് ഏഷ്യയിലെ തന്നെ പ്രമുഖമായ മുസ്ലീംപള്ളിയായ താജ്-ഉൽ-മസ്ജിദിലേക്കാണ് പ്രവർത്തകർ പ്രകടനം നടത്തിയത്. നിസ്‌ക്കാര സമയത്ത് നടന്ന പ്രകടനമായതിനാൽ നിരവധിയാളുകളാണ് പള്ളിയിലും സമീപ പ്രദേശത്തുമുണ്ടായിരുന്നത്. തുടർന്ന് പെറ്റ പ്രവർത്തകർ തങ്ങളുടെ മതവിശ്വസത്തെ ചോദ്യം ചെയ്‌തെന്നും അപമാനിച്ചെന്നും ആരോപിച്ച് ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമായി.

സംഭവത്തിൽ പെറ്റയുടെ വനിതാ പ്രവർത്തകയായ ബേനസീർ സുരൈയ്യയ്ക്കും ഒരു പോലീസുകാരനും പരുക്കേറ്റു. ചീഫ് സൂപ്രണ്ട് ഓഫ് സുനിൽ പട്ടേത്തർ കൃത്യസമയത്ത് സ്ഥലത്തെത്തിയതാണ് സംഘർഷത്തിന് അയവ് വരാൻ കാരണം. സംഘർഷ സാധ്യത കണക്കിലെടുത്ത് നിരവധി പോലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്.

പെറ്റ പ്രവർത്തകരുടെ പ്രകടനം ജില്ലാ ഭരണകൂടം തടയേണ്ടതായിരുന്നെന്നും സംഘടനയുടെ ഇത്തരം ആവശ്യങ്ങൾക്കെതിരെ നടപടികളുമായി മുന്നോട്ട് പോകുമെന്നും മതവിശ്വാസിയായ നവേദ് ഖാൻ പറഞ്ഞു.