ഇന്ത്യയുടെ പേരില്‍ മാറ്റം വരുത്തണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി

ഇന്ത്യ എന്ന പേര് മാറ്റണമെന്ന് സുപ്രീം കോടതിയില് ഹര്ജി.
 | 
ഇന്ത്യയുടെ പേരില്‍ മാറ്റം വരുത്തണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: ഇന്ത്യ എന്ന പേര് മാറ്റണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി. ഡല്‍ഹി സ്വദേശിയായ ഒരു കര്‍ഷകന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ആവശ്യം. ഭാരതം എന്നോ ഹിന്ദുസ്ഥാന്‍ എന്നോ ആക്കി രാജ്യത്തിന്റെ പേര് മാറ്റണം. ഇന്ത്യ എന്നത് കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കുന്ന പേരാണെന്നും രാജ്യത്തിന് വേണ്ടത് ദേശീയതയെ പ്രതിഫലിപ്പിക്കുന്ന പേരാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതിനായി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 1 ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം.

ഇന്ത്യ, അതായത് ഭാരതം സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും എന്നാണ് ആര്‍ട്ടിക്കിള്‍ 1ല്‍ പറയുന്നത്. ഇതില്‍ ഇന്ത്യ എന്ന് പരാമര്‍ശിക്കുന്നയിടത്ത് ഭാരതം അല്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ എന്ന് ചേര്‍ക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ഇത്തരത്തില്‍ പേര് മാറുന്നത് രാജ്യത്തെ പൗരന്‍മാര്‍ക്കും വരാനിരിക്കുന്ന തലമുറകള്‍ക്കും അഭിമാനകരമായിരിക്കുമെന്നും ഹര്‍ജിക്കാരന്‍ അവകാശപ്പെടുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ജൂണ്‍ 2ന് ഇത് പരിഗണിക്കും.

സമാന സ്വഭാവത്തിലുള്ള ഹര്‍ജികള്‍ ഇതിന് മുന്‍പും സുപ്രീം കോടതിയില്‍ എത്തിയിട്ടുണ്ടെങ്കിലും തള്ളപ്പെടുകയായിരുന്നു. 2016ലാണ് ഏറ്റവും ഒടുവില്‍ ഇത്തരമൊരു ഹര്‍ജി കോടതി തള്ളിയത്. ഹര്‍ജിക്കാരെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.