വെടിവെച്ചത് പ്രതികള്‍ പോലീസിനെ ആക്രമിച്ചതിനാല്‍; വിശദീകരണവുമായി പോലീസ്

ഉദ്യോഗസ്ഥരെ ആക്രമിച്ച് ആയുധങ്ങള് തട്ടിയെടുത്ത് പോലീസിനെ ആക്രമിച്ചതിനാലാണ് പ്രതികളെ വെടിവെച്ച് വീഴ്ത്തിയതെന്ന് സൈബറാബാദ് പോലീസ്.
 | 
വെടിവെച്ചത് പ്രതികള്‍ പോലീസിനെ ആക്രമിച്ചതിനാല്‍; വിശദീകരണവുമായി പോലീസ്

ഹൈദരാബാദ്: ഉദ്യോഗസ്ഥരെ ആക്രമിച്ച് ആയുധങ്ങള്‍ തട്ടിയെടുത്ത് പോലീസിനെ ആക്രമിച്ചതിനാലാണ് പ്രതികളെ വെടിവെച്ച് വീഴ്ത്തിയതെന്ന് സൈബറാബാദ് പോലീസ്. 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്തശേഷം ചുട്ടുകൊന്ന കേസിലെ പ്രതികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് പോലീസിന്റെ വിശദീകരണം. സൈബറാബാദ് പോലീസ് മേധാവി വി.സി.സജ്ജനാര്‍ ആണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംഭവം വിശദീകരിച്ചത്.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സ്ഥലത്ത് പ്രതികളെ എത്തിച്ചപ്പോള്‍ അവര്‍ പോലീസിന് നേരെ തിരിഞ്ഞുവെന്ന് സജ്ജനാര്‍ പറഞ്ഞു. കല്ലുകളും വടികളും ഉപയോഗിച്ച് അവര്‍ പോലീസിനെ ആക്രമി്ച്ചു. ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്ന് ആയുധങ്ങള്‍ തട്ടിയെടുത്ത ശേഷം പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കീഴടങ്ങാന്‍ നിര്‍ദേശിച്ചെങ്കിലും അനുസരിക്കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് വെടിവെച്ചത്.

നിയമം അതിന്റെ കടമ നിര്‍വഹിച്ചു. പരുക്കേറ്റ 2 പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതികളുടെ കയ്യില്‍ നിന്ന് രണ്ട് തോക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും ഇവര്‍ കര്‍ണാടകയിലും സമാന കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് സൂചനയെന്നും സജ്ജനാര്‍ പറഞ്ഞു. ആക്രമണത്തിന് തൊട്ടു പിന്നാലെയുള്ള ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. മരിച്ചു കിടക്കുന്നവരുടെ കയ്യില്‍ തോക്കുകള്‍ ഉള്ള നിലയിലാണ് ചിത്രങ്ങള്‍.