ബി.ജെ.പിയില്‍ അംഗത്വമെടുത്ത ശേഷം പ്രഗ്യാ സിംഗ് നടത്തിയത് മൂന്ന് വിദ്വേഷ പരാമര്‍ശങ്ങളും, മാപ്പ് അപേക്ഷയും

ഭോപ്പാലില് സ്ഥാനാര്ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രഗ്യ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥന് ഹേമന്ത് കാര്ക്കറെയെ അപമാനിച്ച് രംഗത്ത് വന്നിരുന്നു.
 | 
ബി.ജെ.പിയില്‍ അംഗത്വമെടുത്ത ശേഷം പ്രഗ്യാ സിംഗ് നടത്തിയത് മൂന്ന് വിദ്വേഷ പരാമര്‍ശങ്ങളും, മാപ്പ് അപേക്ഷയും

ന്യൂഡല്‍ഹി: ബി.ജെ.പി അംഗത്വമെടുത്തതിന് ശേഷം പ്രഗ്യാ സിംഗ് ഠാക്കൂര്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നത് സ്ഥിര സംഭവമായി മാറിയിരിക്കുകയാണ്. ഭോപ്പാലില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രഗ്യ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥന്‍ ഹേമന്ത് കാര്‍ക്കറെയെ അപമാനിച്ച് രംഗത്ത് വന്നു. പിന്നാലെ ബാബരി മസ്ജിദ് സംഭവത്തില്‍ അഭിമാനിക്കുന്നതായി വ്യക്തമാക്കി മത വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചു. അവസാനം ഗാന്ധി ഘാതകനായ ഗോഡ്‌സയെ രാജ്യസ്‌നേഹിയായി പ്രഖ്യാപിക്കുകയും ചെയ്തു.

മലേഗാവ് സ്ഫോടനകേസില്‍ അറസ്റ്റിലായ സമയത്ത് തന്നോട് കാര്‍ക്കരെ മോശമായിട്ടാണ് പെരുമാറിയത്. ഹേമന്ത് കര്‍ക്കരെ ചെയ്ത പ്രവര്‍ത്തിയുടെ ഫലമാണ് അദ്ദേഹം അനുഭവിച്ചത്. താന്‍ ജയിലിലായത് മുതല്‍ കര്‍ക്കരെയുടെ കഷ്ടക്കാലം തുടങ്ങുയെന്നും, കൃത്യം 45 ദിവസത്തിന് ശേഷം ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെടുകയാണ് ചെയ്തതെന്നും പ്രഗ്യാ സിംഗ് പറഞ്ഞിരുന്നു. വിഷയം വിവാദമായതോടെ പ്രഗ്യ മാപ്പ് പറഞ്ഞ് തടിയൂരി.

2008ലാണ് രാജ്യത്തെ നടുക്കിയ കാവിഭീകരാക്രമണം ഉണ്ടാവുന്നത്. സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 80ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ തീവ്രവലതുപക്ഷ ആക്രമണങ്ങളിലൊന്നായിരുന്നു ഇത്. ആദ്യഘട്ടത്തില്‍ മുസ്ലിം ഭീകരസംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു വിലയിരുത്തല്‍.

എന്നാല്‍ അന്നത്തെ മൂംബൈ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലവനായിരുന്നു കാര്‍ക്കരെ അന്വേഷണം ഏറ്റെടുത്തതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. കേസില്‍ പ്രഗ്യാ സിംഗ് ഉള്‍പ്പെടെ നിരവധി വലത് തീവ്ര ദേശീയ സ്വഭാവക്കാര്‍ക്ക് പങ്കുള്ളതായി കാര്‍ക്കരെ കണ്ടെത്തി. പ്രഗ്യ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ബോംബ് സ്ഫോടനത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ഹിന്ദുത്വ തീവ്രവാദികളാണെന്ന് കാര്‍ക്കരെ കോടതിയെ അറിയിച്ചു. കേസില്‍ പ്രഗ്യ ഇപ്പോള്‍ ജാമ്യത്തിന്റെ ആനുകൂല്യത്തിലാണ് പുറത്ത് കഴിയുന്നത്.

ബാബരി മസ്ജിദ് തകര്‍ത്തതിന്റെ പേരില്‍ പശ്ചാത്തപിക്കേണ്ടതായി ഒന്നും തന്നെയില്ല. ഇക്കാര്യത്തില്‍ അഭിമാനം മാത്രമാണുള്ളതെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നോക്കൂ, അയോധ്യയിലെ രാമക്ഷേത്രത്തിന് ചുറ്റം കുറച്ച് മാലിന്യം നിലനിന്നിരുന്നു. ഞങ്ങള്‍ അത് നീക്കം ചെയ്തു. അത്രമാത്രമെ സംഭവിച്ചുള്ളു. ഇന്ത്യയില്‍ അല്ലാതെ എവിടെയാണ് രാമക്ഷേത്രം നിര്‍മ്മിക്കേണ്ടത്. ഞങ്ങള്‍ രാമക്ഷത്രം നിര്‍മ്മിക്കുക തന്നെ ചെയ്യുമെന്നും പ്രഗ്യാ സിംഗ് ഠാക്കൂര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ബാബരി മസ്ജിദുമായി നടത്തിയ പരാമര്‍ശം വിദ്വേഷപൂര്‍ണമാണെന്നും മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയതോടെ പ്രഗ്യ വെട്ടിലായി. പിന്നാലെ തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്നും പ്രഗ്യയെ തെരഞ്ഞെടുപ്പ് കമ്മീഷണ്‍ 72 മണിക്കൂര്‍ വിലക്കുകയും ചെയ്തു. വിലക്ക് ലംഘിച്ച് പ്രഗ്യ പ്രചരണ രംഗത്തിറങ്ങിയതോടെ കമ്മീഷന്‍ വീണ്ടും നോട്ടീസ് അയച്ചിരുന്നു.

ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നു, രാജ്യസ്‌നേഹിയാണ്, രാജ്യസ്‌നേഹിയായി തുടരും. ഗോഡ്‌സെയെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കണമെന്നുമായിരുന്നു പ്രഗ്യാ സിംഗ് ഠാക്കൂര്‍ കഴിഞ്ഞ ദിവസം നടത്തിയ മറ്റൊരു ദേശവിരുദ്ധ പ്രസ്താവന. ഹിന്ദുവായ ഗോഡ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന് കമല്‍ ഹാസന്‍ പറഞ്ഞതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവന.

എന്നാല്‍ വിഷയത്തില്‍ ബി.ജെ.പിയുടെ ചില നേതാക്കള്‍ പ്രഗ്യാ സിംഗിനെ തള്ളി രംഗത്ത് വന്നു. ഇക്കാര്യത്തില്‍ പ്രഗ്യയോട് പാര്‍ട്ടി വിശദീകരണം ചോദിക്കുമെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹറാവു പറഞ്ഞു. പ്രഗ്യ പരസ്യമായി മാപ്പു പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെ പ്രഗ്യ പ്രസ്താവന പിന്‍വലിച്ചു. വ്യക്തിപരമായ അഭിപ്രായമാണ് രേഖപ്പെടുത്തിയതെന്നും തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നുമായിരുന്നു പ്രഗ്യയുടെ പ്രതികരണം.