‘ജയിലര്‍ ഉന്തി, സംസാരിക്കാന്‍ അനുവദിച്ചില്ല’; ആരോപണങ്ങളുമായി മമതയുടെ മോര്‍ഫ് ചിത്രം പ്രചരിപ്പിച്ച യുവമോര്‍ച്ച നേതാവ്

അഞ്ച് ദിവസത്തിന് ശേഷം ഇന്നാണ് പ്രിയങ്ക ശര്മ്മയ്ക്ക് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
 | 
‘ജയിലര്‍ ഉന്തി, സംസാരിക്കാന്‍ അനുവദിച്ചില്ല’; ആരോപണങ്ങളുമായി മമതയുടെ മോര്‍ഫ് ചിത്രം പ്രചരിപ്പിച്ച യുവമോര്‍ച്ച നേതാവ്

ന്യൂഡല്‍ഹി: ജയിലില്‍ വെച്ച് ശാരീരികവും മാനസികവുമായി പീഡനങ്ങളേല്‍ക്കേണ്ടി വന്നതായി ആരോപിച്ച് മമതയുടെ മോര്‍ഫ് ചിത്രം പ്രചരിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ യുവമോര്‍ച്ച നേതാവ് രംഗത്ത്. യുവമോര്‍ച്ച ഹൗറ കണ്‍വീനര്‍ പ്രിയങ്ക ശര്‍മ്മയാണ് ജയില്‍ വാര്‍ഡന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. അഞ്ച് ദിവസത്തിന് ശേഷം ഇന്നാണ് പ്രിയങ്ക ശര്‍മ്മയ്ക്ക് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ജയിലുനുള്ളില്‍ എനിക്ക് വളരെ മോശം പെരുമാറ്റമാണ് നേരിടേണ്ടി വന്നത്. ജയില്‍ വാര്‍ഡന്‍ പിടിച്ച് ഉന്തി. ജയിലിനുള്ളില്‍ വെച്ച് ആരോടും സംസാരിക്കാന്‍ അനുവദിച്ചില്ല. അഞ്ച് ദിവസവും ആരോടും സംസാരിക്കാതെയായിരുന്നു താന്‍ കഴിച്ചുകൂട്ടിയതെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ പ്രിയങ്ക മമത ബാനര്‍ജിയോട് നിരുപാധികം മാപ്പ് പറയണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാപ്പ് പറയാന്‍ കഴിയില്ലെന്നായിരുന്നു പ്രിയങ്കയുടെ നിലപാട്.

ഹോളിവുഡ് നടി പ്രിയങ്ക ചോപ്ര ഫാഷന്‍ ഉത്സവമായ മെറ്റ് ഗാലയിലയിലെ റാംപിലെത്തിയ ചിത്രത്തില്‍ മമതയുടെ മുഖം മോര്‍ഫ് ചെയ്ത് പ്രിയങ്ക ശര്‍മ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ചിത്രം സംഘപരിവാര്‍ ഗ്രൂപ്പുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് വ്യക്തിഹത്യയാണെന്ന് ചൂണ്ടിക്കാണിച്ച് തൃണമൂല്‍ നേതാവ് വിഭാസ് ഹസ്ര നല്‍കിയ പരാതിയില്‍ പൊലീസ് പ്രിയങ്ക ശര്‍മയെ അറസ്റ്റ് ചെയ്തത്.