അമിത് ഷായ്ക്ക് നേരേ ചെന്നൈയില്‍ പ്ലക്കാര്‍ഡ് എറിഞ്ഞ് പ്രതിഷേധം; ഒരാള്‍ കസ്റ്റഡിയില്‍

തമിഴ്നാട്ടില് എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ പ്ലക്കാര്ഡ് എറിഞ്ഞ് പ്രതിഷേധം.
 | 
അമിത് ഷായ്ക്ക് നേരേ ചെന്നൈയില്‍ പ്ലക്കാര്‍ഡ് എറിഞ്ഞ് പ്രതിഷേധം; ഒരാള്‍ കസ്റ്റഡിയില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞ് പ്രതിഷേധം. ഗോ ബാക്ക് അമിത് ഷാ എന്ന് എഴുതിയ പ്ലക്കാര്‍ഡാണ് എറിഞ്ഞത്. പ്രതിഷേധിച്ചയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ജിഎസ്ടി റോഡില്‍ ഇറങ്ങി നടന്നുകൊണ്ട് എഐഎഡിഎംകെ-ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് അമിത് ഷായ്ക്ക് നേരെ പ്രതിഷേധം ഉണ്ടായത്.

പ്ലക്കാര്‍ഡ് അമിത് ഷായുടെ ശരീരത്തില്‍ പതിച്ചില്ലെങ്കിലും ബാരിക്കേഡിന് ഉള്ളില്‍ നിന്ന് പ്ലക്കാര്‍ഡ് എറിഞ്ഞയാളെ പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അപ്രതീക്ഷിതമായാണ് അമിത് ഷാ പ്രോട്ടോക്കോള്‍ മറികടന്ന് റോഡില്‍ ഇറങ്ങി നടന്നത്. വേല്‍യാത്രയുടെ പേരില്‍ എഐഎഡിഎംകെ-ബിജെപി ബന്ധം ഉലഞ്ഞു നില്‍ക്കുന്ന ഘട്ടത്തിലാണ് അമിത് ഷായുടെ സന്ദര്‍ശനം.

തമിഴ്‌നാട്ടില്‍ അടുത്ത മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ്. ഡിഎംകെ മുന്‍ എംപി രാമലിംഗം അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപി അംഗത്വം സ്വീകരിച്ചു. കരുണാനിധിയുടെ മകന്‍ അഴഗിരിയുടെ വിശ്വസ്തനാണ് രാമലിംഗം. അഴഗിരിയും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. രജനികാന്തുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തിയേക്കും.