പണം വാങ്ങിയാണ് ദൗത്യമെങ്കില്‍ സ്വന്തം വിമാനത്തില്‍ എത്തിക്കാം; വിമാനം റദ്ദാക്കിയതിന് വിശദീകരണവുമായി ഖത്തര്‍

യാത്രക്കാരില് നിരക്ക് ഈടാക്കിയാണ് രക്ഷാദൗത്യമെങ്കില് ഖത്തര് എയര്വേയ്സിന്റെ വിമാനത്തില് പ്രവാസികളെ എത്തിക്കാമെന്ന് ഖത്തര്
 | 
പണം വാങ്ങിയാണ് ദൗത്യമെങ്കില്‍ സ്വന്തം വിമാനത്തില്‍ എത്തിക്കാം; വിമാനം റദ്ദാക്കിയതിന് വിശദീകരണവുമായി ഖത്തര്‍

തിരുവനന്തപുരം: യാത്രക്കാരില്‍ നിരക്ക് ഈടാക്കിയാണ് രക്ഷാദൗത്യമെങ്കില്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനത്തില്‍ പ്രവാസികളെ എത്തിക്കാമെന്ന് ഖത്തര്‍. ഞായറാഴ്ച പുറപ്പെടാനിരുന്ന ദോഹ-തിരുവനന്തപുരം എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് അനുമതി നിഷേധിച്ച സംഭവത്തില്‍ വിശദീകരണം നല്‍കിക്കൊണ്ടാണ് ഖത്തര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സാധാരണ സര്‍വീസാണ് എയര്‍ഇന്ത്യ നടത്തുന്നതെങ്കില്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനത്തില്‍ യാത്രക്കാരെ എത്തിക്കാന്‍ തയ്യാറാണെന്ന് ഖത്തര്‍ ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തെ അറിയിച്ചു.

രക്ഷാദൗത്യമാണെന്ന് ഇന്ത്യ അറിയിച്ചതിനാല്‍ പാര്‍ക്കിംഗ് ഫീസ് ഉള്‍പ്പെടെ വിമാനത്താവളവുമായി ബന്ധപ്പെട്ട പല ഫീസുകളിലും എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ഇളവ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം വന്ദേഭാരത് ദൗത്യത്തിലെ ആദ്യ വിമാനം ഈ ഇളവുകള്‍ വാങ്ങി ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ പണം വാങ്ങിയാണ് ദൗത്യം നടത്തുന്നതെന്ന് ഖത്തറിന് മനസിലായത്. ഇനി ഇളവുകള്‍ അനുവദിക്കില്ലെന്നും ചൊവ്വാഴ്ച മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കാമെന്നും ഖത്തര്‍ അറിയിച്ചു.

പൗരന്‍മാരെ കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ദൗത്യം നടത്തുന്ന വിമാനങ്ങളുടെ ചെലവ് അതാത് രാജ്യങ്ങളാണ് ഏറ്റെടുക്കാറുള്ളത്. എന്നാല്‍ വന്ദേഭാരത് ദൗത്യത്തില്‍ എയര്‍ഇന്ത്യ സാധാരണ നിരക്കിനേക്കാള്‍ കൂടിയ നിരക്ക് ഈടാക്കി പ്രവാസികളെ തിരിച്ചെത്തിക്കുന്നതാണ് ഖത്തറിനെ ചൊടിപ്പിച്ചിരിക്കുന്നത്. മറ്റു ചില ഗള്‍ഫ് രാജ്യങ്ങളും സമാന നിലപാട് സ്വീകരിച്ചേക്കുമെന്നാണ് വിവരം.

ഇന്നലെ ഉച്ചയ്ക്ക് കരിപ്പൂരില്‍ നിന്ന് ദോഹയിലെത്തി തിരിച്ച് യാത്രക്കാരുമായി തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന വിമാനത്തിനാണ് ഇന്നലെ ഖത്തര്‍ ലാന്‍ഡിംഗ് അനുമതി നിഷേധിച്ചത്. 96 സ്ത്രീകളും 20 കുട്ടികളും 85 പുരുഷന്‍മാരുമാണ് വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്നത്. യാത്രക്കാര്‍ ദോഹ വിമാനത്താവളത്തില്‍ എത്തിയതിന് ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം അറിഞ്ഞത്.