രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമെന്ന് അമിത് ഷായുടെ മുന്നില്‍ തുറന്നടിച്ച് രാഹുല്‍ ബജാജ്

രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമാണ് നിലനില്ക്കുന്നതെന്ന് അമിത് ഷാ പങ്കെടുത്ത പരിപാടിയില് തുറന്നടിച്ച് വ്യവസായി രാഹുല് ബജാജ്.
 | 
രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമെന്ന് അമിത് ഷായുടെ മുന്നില്‍ തുറന്നടിച്ച് രാഹുല്‍ ബജാജ്

മുംബൈ: രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ തുറന്നടിച്ച് വ്യവസായി രാഹുല്‍ ബജാജ്. ഇക്കണോമിക് ടൈംസിന്റെ അവാര്‍ഡ് ദാനച്ചടങ്ങിലായിരുന്നു രാഹുല്‍ ബജാജ് വിമര്‍ശനം പരസ്യമായി ഉന്നയിച്ചത്. ആരും ഇതിനെക്കുറിച്ച് സംസാരിക്കില്ല. വ്യവസായികളായ എന്റെ സുഹൃത്തുക്കളും പറയില്ല. എന്നാല്‍ താന്‍ തുറന്ന് പറയുമെന്നും രാഹുല്‍ ബജാജ് വ്യക്തമാക്കി.

ഇക്കാര്യം നിഷേധിക്കപ്പെടുകയല്ല, നല്ലൊരു മറുപടിയാണ് തനിക്ക് വേണ്ടതെന്നും ബജാജ് കൂട്ടിച്ചേര്‍ത്തു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഞങ്ങള്‍ക്ക് ആരേയും വിമര്‍ശിക്കാമായിരുന്നു. നിങ്ങളുടെ സര്‍ക്കാര്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ നിങ്ങളെ പരസ്യമായി വിമര്‍ശിച്ചാല്‍ നിങ്ങളത് മുഖവിലക്കെടുക്കുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് അദ്ദേഹം പറഞ്ഞു. വന്‍ കരഘോഷത്തോടെയാണ് ചടങ്ങില്‍ പങ്കെടുത്ത ആളുകള്‍ അദ്ദേഹത്തിന്റെ വാക്കുകളെ സ്വാഗതം ചെയതത്.

ധനമന്ത്രി നിര്‍മലാ സീതാരാമന്‍, പിയൂഷ് ഗോയല്‍ തുടങ്ങിയവരും റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി, ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള, ഭാരതി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ തുടങ്ങിയ വ്യവസായികളും ഉള്‍പ്പെടുന്ന വേദിയിലാണ് ബജാജ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഇതേത്തുടര്‍ന്ന് ആരെയും ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് അമിത് ഷാ പ്രതികരിച്ചു. ആരെയും ഭയപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഏതെങ്കിലും വിമര്‍ശനത്തെക്കുറിച്ച് ആശങ്കപ്പെടാന്‍ ഞങ്ങള്‍ ഒന്നും മറച്ച് വെച്ച് ചെയ്തിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.