ഹത്രാസിലേക്ക് പോയ രാഹുലും പ്രിയങ്കയും പോലീസ് കസ്റ്റഡിയില്‍; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ലാത്തിയടി

ഹത്രാസില് ക്രൂര ബലാല്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ വീട്ടിലേക്ക് പോയ രാഹുല് ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പോലീസ് കസ്റ്റഡിയില്
 | 
ഹത്രാസിലേക്ക് പോയ രാഹുലും പ്രിയങ്കയും പോലീസ് കസ്റ്റഡിയില്‍; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ലാത്തിയടി

ന്യൂഡല്‍ഹി: ഹത്രാസില്‍ ക്രൂര ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ വീട്ടിലേക്ക് പോയ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പോലീസ് കസ്റ്റഡിയില്‍. ഡല്‍ഹിയില്‍ നിന്നുള്ള യാത്രാമധ്യേ ഗ്രേറ്റര്‍ നോയ്ഡയില്‍ വെച്ച് രാഹുലിന്റെയും പ്രിയങ്കയുടെയും വാഹനവ്യൂഹം പോലീസ് തടഞ്ഞിരുന്നു. ഇതോടെ കാല്‍നടയായി പോകാന്‍ ഇവര്‍ ഇറങ്ങിയതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ കരുതല്‍ കസ്റ്റഡിയില്‍ ആക്കിയിരിക്കുകയാണെന്നാണ് പോലീസ് അറിയിക്കുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.

തന്നെ പോലീസ് ലാത്തിക്ക് അടിച്ചെന്നും നിലത്തേക്ക് തള്ളിയിട്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സാധാരണക്കാര്‍ക്ക് വഴി നടക്കാന്‍ പോലും ഈ രാജ്യത്ത് കഴിയില്ലേ എന്ന് പ്രധാനമന്ത്രി മോദിയോട് ചോദിക്കുകയാണ്. ഞങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞതിനാലാണ് നടക്കേണ്ടി വന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഹത്രാസില്‍ ആളുകള്‍ കൂട്ടംകൂടുന്നതിന് യുപി സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതിര്‍ത്തികളില്‍ കോവിഡ് നിയന്ത്രണത്തിന്റെ പേരില്‍ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയുടെ മൃതദേഹം അന്ത്യകര്‍മങ്ങള്‍ പോലും ചെയ്യാന്‍ അനുവദിക്കാതെ കത്തിച്ചതിന് ശേഷം കുടുംബാംഗങ്ങളെ പോലീസ് ഒറ്റപ്പെടുത്തിയിരിക്കുകയാണ്. വീട്ടിലേക്ക് മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും എത്തുന്നത് തടഞ്ഞു. വീടിന് ഒന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ള റോഡുകളെല്ലാം അടച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ ദളിതരെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ഇത് ലജ്ജാകരമായ നീക്കമാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.