ഹൈക്കോടതി പരാമര്‍ശത്തിന് പിന്നാലെ നികുതിയടച്ച് രജനികാന്ത്; അബദ്ധം പറ്റിയെന്ന് താരം

മദ്രാസ് ഹൈക്കോടതി നടത്തിയ രൂക്ഷമായ വിമര്ശനത്തിന് പിന്നാലെ വസ്തു നികുതി അടച്ച് രജനികാന്ത്.
 | 
ഹൈക്കോടതി പരാമര്‍ശത്തിന് പിന്നാലെ നികുതിയടച്ച് രജനികാന്ത്; അബദ്ധം പറ്റിയെന്ന് താരം

ചെന്നൈ: മദ്രാസ് ഹൈക്കോടതി നടത്തിയ രൂക്ഷമായ വിമര്‍ശനത്തിന് പിന്നാലെ വസ്തു നികുതി അടച്ച് രജനികാന്ത്. കോര്‍പറേഷനെ സമീപിക്കുന്നതിന് പകരം ഹൈക്കോടതിയില്‍ പോയത് അബദ്ധമായെന്നാണ് താരം പ്രതികരിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിന് ചെന്നൈ കോര്‍പറേഷനില്‍ വസ്തു നികുതിയായി അടയ്ക്കാനുള്ള 6.5 ലക്ഷം രൂപ ഒഴിവാക്കണമെന്ന ആവശ്യവുമായാണ് രജനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ നിങ്ങളുടെ നികുതി ഒഴിവാക്കണമെന്ന് കോര്‍പറേഷനോട് ആവശ്യപ്പെടുക മാത്രമാണോ ജോലിയെന്ന് ചോദിച്ച കോടതി ചെലവുള്‍പ്പെടെ ഈടാക്കിക്കൊണ്ട് കേസ് തള്ളുമെന്ന് അറിയിച്ചു.

ഇതോടെ രജനി കേസ് പിന്‍വലിക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ വരുമാനം ഇല്ലായിരുന്നുവെന്നും അതിനാല്‍ നികുതി ഒഴിവാക്കി തരണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. നികുതി ഒഴിവാക്കണമെന്ന് സെപ്റ്റംബര്‍ 23ന് രജനി കോര്‍പറേഷനില്‍ അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കോര്‍പറേഷന്‍ അധികാരികളുമായി ബന്ധപ്പെടാതെ കോടതിയിലേക്ക് ഓടിയെത്തിയത് എന്തിനാണെന്ന ചോദ്യവും ജസ്റ്റിസ് അനിത സുമന്ത് ഉന്നയിച്ചു.

മാര്‍ച്ച് 23 മുതല്‍ കല്യാണ ഹാള്‍ വെറുതെ കിടക്കുകയാണെന്നാണ് രജനി ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഒഴിഞ്ഞു കിടക്കുന്ന വസ്തുക്കള്‍ക്ക് ലോക്ക് ഡൗണ്‍ കാലത്ത് നികുതിയിളവ് നല്‍കുമെന്ന് അറിയിച്ചിരുന്ന കോര്‍പറേഷന്‍ പിന്നീട് ഒക്ടോബര്‍ 15നുള്ളില്‍ നികുതി അടച്ചില്ലെങ്കില്‍ 2 ശതമാനം പിഴയീടാക്കുമെന്ന് അറിയിച്ചതായും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.