രാംപാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ

വിവാദ ആൾദൈവം രാംപാലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 28 വരെയാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കുന്നതിനാൽ രാംപാലിന്റെ ജാമ്യം ഹൈക്കോടതി സ്വമേധയാ റദ്ദാക്കി.
 | 

രാംപാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ
ചണ്ഡീഗഡ്: വിവാദ ആൾദൈവം രാംപാലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 28 വരെയാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കുന്നതിനാൽ രാംപാലിന്റെ ജാമ്യം ഹൈക്കോടതി സ്വമേധയാ റദ്ദാക്കി. രാംപാലിന്റെ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാമെന്നും കോടതി അറിയിച്ചു. ഇന്നലെ രാത്രി 9.30-ഓടെ ഹിസാറിലെ ആശ്രമത്തിനകത്തു നിന്നാണ് രാംപാലിനെ പോലീസ് അറസ്റ്റ് ചെയ്തത്. രാംപാലിന്റെ മകനും അടുത്ത അനുയായി പുരുഷോത്തം ദാസും അറസ്റ്റിലായിട്ടുണ്ട്.

250ഓളം വരുന്ന സ്വകാര്യസേനാംഗങ്ങൾ ഉൾപ്പെടെ 500ഓളം അനുയായികളെയും പോലീസ് അറസ്റ്റ് ചെയ്തു. ബാബാസ് കമാന്റോസ് എന്നാണ് സ്വകാര്യസേനാംഗങ്ങൾ അറിയപ്പെട്ടിരുന്നത്. രാംപാലിന്റെ അനുയായികളും പോലീസും തമ്മിൽ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലായിരുന്നു അറസ്റ്റ്. സ്ഥിതിഗതികൾ വഷളായതോടെ പോലീസിനെ സഹായിക്കാൻ കേന്ദ്രം അർധ സൈനിക വിഭാഗത്തെ പ്രദേശത്തേയ്ക്ക് അയച്ചിരുന്നു. അതേസമയം, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും രാംപാൽ മാധ്യമങ്ങളോട് പറഞ്ഞു.

2006-ൽ ഗ്രാമീണർക്ക് നേരെ വെടിവെക്കാൻ അനുയായികളോട് ആഹ്വാനം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയതാണ് രാംപാൽ. ഈ സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും കുറേ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി 42 തവണ വാറണ്ട് പുറപ്പെടുവിച്ചിട്ടും ഇയാൾ കോടതിയിൽ ഹാജരായില്ല. വെള്ളിയാഴ്ചയ്ക്കകം രാംപാലിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നുള്ള കോടതി വിധിയാണ് പോലീസ് നടപടികളുടെ തുടക്കം.

12 ഏക്കറോളം വരുന്ന ആശ്രമത്തിൽ ഒളിവിൽ കഴിഞ്ഞിരുന്നു ഇയാളെ അറസ്റ്റ് ചെയ്യാൻ ചൊവ്വാഴ്ച പോലീസ് ശ്രമിച്ചെങ്കിലും അനുയായികളെ മനുഷ്യകവചമാക്കി അക്രമമഴിച്ചുവിട്ട് രാംപാലും കൂട്ടരും ഇത് പരാജയപ്പെടുത്തുകയായിരുന്നു. ആശ്രമത്തിനുള്ളിൽ വൻ ഭക്ഷ്യശേഖരവും സ്‌ഫോടകവസ്തുക്കളും ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതിനിടെ കൊല്ലപ്പെട്ടതെന്ന് കരുതുന്ന ആറുപേരുടെ മൃതദേഹങ്ങൾ ഹിസാറിലുള്ള സത്‌ലോക് ആശ്രമത്തിൽനിന്ന് കണ്ടെടുത്തു. അഞ്ച് സ്ത്രീകളുടെയും പതിനെട്ട് മാസം പ്രായമായ കുട്ടിയുടെയും ഉൾപ്പെടെയുള്ളവരുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം ആശ്രമത്തിനകത്ത് നിന്നും കണ്ടെത്തിയത്.

ആശ്രമവളപ്പിൽ ബുധനാഴ്ചയും തുടർന്ന സംഘർഷത്തിനൊടുവിലാണ് പോലീസ് രാംപാലിന്റെ അനുയായികളെ കീഴടക്കി ആൾദൈവത്തെ പിടികൂടിയത്. കോടതിയിൽ ഹാജരാകാതിരുന്നതിനുള്ള കാരണം കോടതി അന്വേഷിച്ചപ്പോൾ താൻ ആശ്രമത്തിൽ തടവിലായിരുന്നു എന്നായിരുന്നു രാംപാലിന്റെ മറുപടി. സ്വകാര്യ സേനയെ ഉപയോഗിച്ച് രാഷ്ട്രത്തിനെതിരെ യുദ്ധം നയിക്കുന്നതിന് രാജ്യദ്രോഹകുറ്റം അടക്കമുള്ള വകുപ്പുകൾ ചേർത്ത് രാംപാലിനെതിരെ പുതിയ കേസുകളും പോലീസ് ചുമത്തിയിട്ടുണ്ട്.