വിമത എംഎല്‍എമാരില്‍ രണ്ട് പേര്‍ കൂടി എന്‍സിപി ക്യാമ്പിലേക്ക് മടങ്ങി; മഹാരാഷ്ട്രയില്‍ ബിജെപി ആശങ്കയില്‍

രാത്രി വെളുത്തപ്പോള് എന്സിപി വിമതരുമായി മഹാരാഷ്ട്രയില് അധികാരത്തിലേറിയ ബിജെപിക്ക് വെല്ലുവിളിയായി വിമതരുടെ മടക്കം.
 | 
വിമത എംഎല്‍എമാരില്‍ രണ്ട് പേര്‍ കൂടി എന്‍സിപി ക്യാമ്പിലേക്ക് മടങ്ങി; മഹാരാഷ്ട്രയില്‍ ബിജെപി ആശങ്കയില്‍

മുംബൈ: രാത്രി വെളുത്തപ്പോള്‍ എന്‍സിപി വിമതരുമായി മഹാരാഷ്ട്രയില്‍ അധികാരത്തിലേറിയ ബിജെപിക്ക് വെല്ലുവിളിയായി വിമതരുടെ മടക്കം. ഇന്ന് രണ്ട് വിമതര്‍ എന്‍സിപി ക്യാമ്പില്‍ തിരികെയെത്തി. അജിത് പവാറിനൊപ്പമുള്ള അഞ്ച് എംഎല്‍എമാരില്‍ മൂന്ന് പേരുമായി സംസാരിച്ചുവെന്ന് എന്‍സിപി നേതാവ് നവാബ് മാലിക് നടത്തിയ പ്രസ്താവന ബിജെപി കേന്ദ്രങ്ങളില്‍ ആശങ്ക പടര്‍ത്തുകയാണ്.

ഈ അഞ്ച് എംഎല്‍എമാരെയും എന്‍സിപി എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന റിനൈസന്‍സ് ഹോട്ടലില്‍ ഇന്ന് എത്തിക്കുമെന്നാണ് മാലിക് വ്യക്തമാക്കിയത്. 54 എംഎല്‍എമാരാണ് എന്‍സിപിക്ക് ഉള്ളത്. ഇവരില്‍ 35 പേരുടെ പിന്തുണ തനിക്കുണ്ടെന്നാണ് അജിത് പവാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നത്. ഇതില്‍ 48 പേര്‍ അജിത് പവാറിനൊപ്പം ഇല്ലെന്ന് ഇന്നലെ തന്നെ എന്‍സിപി വ്യക്തമാക്കിയിരുന്നു.

ഇന്ന് രണ്ട് പേരെക്കൂടി തിരിച്ചെത്തിക്കാന്‍ എന്‍സിപിക്ക് കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസും ശിവസേനയും തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ്. അടിയന്തരമായി ഭൂരിപക്ഷം തെളിയിക്കണമെന്ന കോണ്‍ഗ്രസ്-സേന-എന്‍സിപി സഖ്യത്തിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല എന്നത് മാത്രമാണ് ബിജെപിക്ക് ആശ്വസിക്കാനുള്ളത്. ഭൂരിപക്ഷം തെളിയിക്കുന്ന കത്തുകള്‍ നാളെ ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇവ ഹാജരാക്കി കഴിഞ്ഞാല്‍ വിശ്വാസ വോട്ടെടുപ്പിന് തന്നെയായിരിക്കും കോടതി നിര്‍ദേശം നല്‍കുക.