ലോക്‌സഭയില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍; രമ്യ ഹരിദാസിനെ മാർഷൽമാർ കയ്യേറ്റം ചെയ്തു; ഹൈബിയെയും പ്രതാപനെയും പുറത്താക്കി

ഹാരാഷ്ട്ര വിഷയത്തില് ലോക്സഭയില് പ്രക്ഷുബ്ധ രംഗങ്ങള്.
 | 
ലോക്‌സഭയില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍; രമ്യ ഹരിദാസിനെ മാർഷൽമാർ കയ്യേറ്റം ചെയ്തു; ഹൈബിയെയും പ്രതാപനെയും പുറത്താക്കി

ന്യൂഡല്‍ഹി: മഹാരാഷ്ട്ര വിഷയത്തില്‍ ലോക്‌സഭയില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍. മാര്‍ഷല്‍മാര്‍ തന്നെ കയ്യേറ്റം ചെയ്‌തെന്ന് കോണ്‍ഗ്രസ് എംപി രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് പരാതി നല്‍കി. പുരുഷ മാര്‍ഷല്‍മാര്‍ രമ്യയെ ബലം പ്രയോഗിച്ച് പിടിച്ച് മാറ്റുകയായിരുന്നു. നടുത്തളത്തിലിറങ്ങിയ ഹൈബി ഈഡനെയും ടി.എന്‍ പ്രതാപനെയും സഭയില്‍ നിന്ന് ഒരു ദിവസത്തേക്ക് സ്പീക്കര്‍ പുറത്താക്കി.

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ ലോക്‌സഭയില്‍ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം എത്തിയത്. ജനാധിപത്യത്തെ കൊലചെയ്യുന്നത് അവസാനിപ്പിക്കുക എന്ന് എഴുതിയ ബാനര്‍ പിടിച്ചു കൊണ്ടായിരുന്നു ഹൈബിയും പ്രതാപനും ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചത്. ബാനര്‍ മാറ്റണമെന്ന് സ്പീക്കര്‍ ഓം ബിര്‍ള ആവശ്യപ്പെട്ടെങ്കിലും എംപിമാര്‍ വഴങ്ങിയില്ല.

ഇതേത്തുടര്‍ന്ന് ഇവരെ മാറ്റാന്‍ സ്പീക്കര്‍ മാര്‍ഷല്‍മാരോട് ആവശ്യപ്പെടുകയായിരുന്നു. മാര്‍ഷല്‍മാരെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് രമ്യ ഹരിദാസിന് നേരെ ബലപ്രയോഗം ഉണ്ടായത്. ഡീന്‍ കുര്യാക്കോസും മാര്‍ഷല്‍മാരെ തടയാന്‍ ശ്രമിച്ചു. ചില ബിജെപി എംപിമാര്‍ ഇടപെടാന്‍ എഴുന്നേറ്റെങ്കിലും ചീഫ് വിപ്പ് സഞ്ജയ് ജയ്‌സ്വാള്‍ അവരെ തടയുകയായിരുന്നു.

പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു. ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുമ്പോള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. രാജ്യസഭയിലും പ്രതിപക്ഷ ബഹളം തുടര്‍ന്നു.