രാഷ്ട്രീയ ഈസായി മഞ്ച് എന്നപേരില്‍ ക്രിസ്ത്യാനികളുടെ സംഘടനയുണ്ടാക്കാന്‍ ആര്‍എസ്എസ്

രാജ്യത്തെ ക്രിസ്ത്യാനികള്ക്കിടയില് സ്വാധീനമുണ്ടാക്കാന് പ്രത്യേക സംഘടന രൂപീകരിക്കാനൊരുങ്ങി ആര്എസ്എസ്. നേരത്തെ രൂപീകരിച്ച മുസ്ലീം രാഷ്ട്രീയ മഞ്ചിന് സമാനമായ സംഘടന രൂപീകരിച്ച് ക്രിസ്ത്യാനികളെക്കൂടി തങ്ങളിലേക്ക് അടുപ്പിക്കാനാണ് ശ്രമം. സംഘടനാ രൂപീകരണവുമായി ബന്ധപ്പെട്ട് ആര്എസ്എസ് നേതാക്കള് ക്രൈസ്തവ മത നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്ന് ഇക്കണോമിക് ടൈംസ് പത്രം റിപ്പോര്ട്ട് ചെയ്യുന്നു.
 | 
രാഷ്ട്രീയ ഈസായി മഞ്ച് എന്നപേരില്‍ ക്രിസ്ത്യാനികളുടെ സംഘടനയുണ്ടാക്കാന്‍ ആര്‍എസ്എസ്

ന്യൂഡല്‍ഹി: രാജ്യത്തെ ക്രിസ്ത്യാനികള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ പ്രത്യേക സംഘടന രൂപീകരിക്കാനൊരുങ്ങി ആര്‍എസ്എസ്. നേരത്തെ രൂപീകരിച്ച മുസ്ലീം രാഷ്ട്രീയ മഞ്ചിന് സമാനമായ സംഘടന രൂപീകരിച്ച് ക്രിസ്ത്യാനികളെക്കൂടി തങ്ങളിലേക്ക് അടുപ്പിക്കാനാണ് ശ്രമം. സംഘടനാ രൂപീകരണവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നേതാക്കള്‍ ക്രൈസ്തവ മത നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്ന് ഇക്കണോമിക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മുസ്ലീംങ്ങള്‍ക്കായി ആര്‍എസ്എസ് മുസ്ലീം രാഷ്ട്രീയ മഞ്ച് രൂപീകരിച്ചത്.

ക്രൈസ്തവ സംഘടനയുടെ പേരിന്റെ കാര്യത്തില്‍ അന്തിമരൂപമായിട്ടില്ലെങ്കിലും ‘രാഷ്ട്രീയ ഈസായി മഞ്ച’് എന്ന് പേരിടാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17ന് ക്രൈസ്തവ മത നേതാക്കളുമായി സംഘടന രൂപീകരണം സംബന്ധിച്ച ചര്‍ച്ച നടന്നിട്ടുണ്ടെന്ന കാര്യം ആര്‍എസ്എസ് പ്രചാരക് ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ മാര്‍ഗദര്‍ശകരില്‍ ഒരാള്‍ കൂടിയാണ് ഇയാള്‍.

ഡിസംബര്‍ 17ന് നടന്ന യോഗത്തില്‍ നാലോ അഞ്ചോ ആര്‍ച്ച് ബിഷപ്പുമാരും 50 ഓളം ബിഷപ്പുമാരും പങ്കെടുത്തെന്നും ഇവര്‍ ഏതാണ്ട് 12 സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണെന്നും, ആര്‍എസ്എസുമായി സഹകരിച്ച് സംഘടനയുണ്ടാക്കാമെന്ന കാര്യത്തില്‍ യോഗത്തില്‍ ധാരണയായിട്ടുണ്ടെന്നും ആര്‍എസ്എസ് ദേശീയ എക്‌സിക്യൂട്ടീവില്‍ അംഗമായിട്ടുള്ള ഇന്ദ്രേഷ് കുമാര്‍ പത്രത്തോട് പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചത് ഇന്ദ്രേഷ് കുമാറായിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ നേതാവായ ചിന്മയാനന്ദ സ്വാമിയും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞ മാസം ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, കാത്തലിക്ക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കുകയും, രാജ്യത്ത് ക്രിസ്ത്യാനികള്‍ക്ക് യാതൊരു തരത്തിലുള്ള നീതിനിഷേധവും അനുവദിക്കില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു. പള്ളികള്‍ക്ക് നേരെ മുന്‍പുണ്ടായ ആക്രമണങ്ങള്‍ തന്നെ വേദനിപ്പിച്ചെന്നും ഇതൊന്നും ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന് പിന്നാലെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ക്രൈസ്തവ സമൂഹത്തില്‍നിന്നുള്ള പ്രൊഫഷണലുകളെയും പുരോഹിതന്മാരെയും ഉള്‍പ്പെടുത്തി വിരുന്ന് നല്‍കിയിരുന്നു.