എസ്പിബിക്ക് വിട ചൊല്ലി തമിഴകം; സംസ്‌കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ

ഗായകന് എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ മൃതദേഹം സംസ്കരിച്ചു.
 | 
എസ്പിബിക്ക് വിട ചൊല്ലി തമിഴകം; സംസ്‌കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ

ചെന്നൈ: ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ മൃതദേഹം സംസ്‌കരിച്ചു. തിരുവള്ളൂര്‍ ജില്ലയിലെ റെഡ് ഹില്‍സ് ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ബഹുമാന സൂചകമായി പോലീസ് സേന 72 ആചാരവെടികള്‍ മുഴക്കി. താരം വിജയ് ഉള്‍പ്പെടെയുള്ളവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. സംവിധായകന്‍ ഭാരതിരാജ. സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തി. എസ്പിബിയുടെ മകന്‍ എസ്.പി.ചരണ്‍ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ വളരെ ചുരുങ്ങിയ തോതിലുള്ള ചടങ്ങുകള്‍ക്ക് മാത്രമായിരുന്നു ജില്ലാ പോലീസ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയത്. പിന്നീട് നിയന്ത്രണങ്ങളില്‍ അയവു വരുത്തി. ആയിരക്കണക്കിന് ആരാധകരാണ് പ്രിയ ഗായകന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഫാം ഹൗസിന് മുന്നില്‍ തടിച്ചു കൂടിയത്.

സംസ്‌കാരത്തിന് മുന്നോടിയായി പ്രദേശത്ത് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് എസ്.പി.ബാലസുബ്രഹ്മണ്യം അന്തരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് ചെന്നൈയില എംജിഎം ഹെല്‍ത്ത് കെയറില്‍ ഓഗസ്റ്റ് 5നാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കോവിഡ് മുക്തനായെങ്കിലും അനാരോഗ്യത്തെ തുടര്‍ന്ന് അദ്ദേഹം വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. അതിനിടെ വെള്ളിയാഴ്ച രാവിലെ ആരോഗ്യാവസ്ഥ മോശമാവുകയും ഉച്ചയ്ക്ക് മരണം സംഭവിക്കുകയുമായിരുന്നു.