ബിസിനസ് പങ്കാളിയുടെ അനധികൃത കെട്ടിടം പൊളിക്കാതിരിക്കാന്‍ സച്ചിന്‍ പ്രതിരോധ മന്ത്രിയെ കണ്ടു

ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്ക്കര് അനധികൃതമായി നിര്മിച്ച തന്റെ ബിസിനസ് പങ്കാളിയുടെ കെട്ടിടം സംരക്ഷിക്കാനായി പ്രതിരോധ മന്ത്രി മനോഹര് പരീക്കറിനെ സന്ദര്ശിച്ചതായി വാര്ത്ത. സച്ചിന്റെ ബിസിനസ് പങ്കാളികളിലൊരാള് മസൂറിയിലെ പ്രതിരോധ വകുപ്പിന്റെ ഭൂമി കൈയേറി നിര്മിച്ച കെട്ടിടം പൊളിക്കാതിരിക്കാന് സച്ചിന് ഇടപെട്ടതായി ഇക്കണോമിക്സ് പത്രം റിപ്പോര്ട്ട് ചെയ്തു.
 | 

ബിസിനസ് പങ്കാളിയുടെ അനധികൃത കെട്ടിടം പൊളിക്കാതിരിക്കാന്‍ സച്ചിന്‍ പ്രതിരോധ മന്ത്രിയെ കണ്ടു

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അനധികൃതമായി നിര്‍മിച്ച തന്റെ ബിസിനസ് പങ്കാളിയുടെ കെട്ടിടം സംരക്ഷിക്കാനായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിനെ സന്ദര്‍ശിച്ചതായി വാര്‍ത്ത. സച്ചിന്റെ ബിസിനസ് പങ്കാളികളിലൊരാള്‍ മസൂറിയിലെ പ്രതിരോധ വകുപ്പിന്റെ ഭൂമി കൈയേറി നിര്‍മിച്ച കെട്ടിടം പൊളിക്കാതിരിക്കാന്‍ സച്ചിന്‍ ഇടപെട്ടതായി ഇക്കണോമിക്‌സ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഓസ്ട്രേലിയയിലേക്കുള്ള യാത്ര് റദ്ദാക്കിയാണ് സച്ചിന്‍ പരീക്കറിനെ കാണാനെത്തിയതെന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. സച്ചിന്റെ ആവശ്യം കേട്ട പരീക്കര്‍, നിയമവിരുദ്ധമായി നിയമിച്ച റിസോര്‍ട്ടാണെന്നതിനാല്‍ പ്രശ്നത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. ലന്തോര്‍ കന്റോണ്‍മെന്റ് മേഖലയിലുള്ള സച്ചിന്റെ വേനല്‍കാല താവളമായ ഡഹ്ലിയ ബാങ്ക് അനധികൃതമായി ഭൂമി കയ്യേറിയെന്നാണ് ആരോപണം. സച്ചിന്റെ ബിസിനസ് പങ്കാളിയായ സഞ്ജയ് നരങിന്റെ കൂടി ഉടമസ്ഥതതയിലുള്ളതാണ് ഈ റിസോര്‍ട്ട്.

പ്രതിരോധ വകുപ്പിനു കീഴിലുള്ള ഗവേഷണ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) അധീനതയിലുള്ള 50 അടിയിലധികം സ്ഥലം റിസോര്‍ട്ട് നിര്‍മാണത്തിനിടെ കയ്യേറിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചത്. ഡിആര്‍ഡിഒയ്ക്ക് കീഴിലുള്ള അതീവരഹസ്യ സ്വഭാവമുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മാനേജ്മെന്റ് എന്ന സ്ഥാപനത്തിന് സമീപമാണ് റിസോര്‍ട്ട് നിര്‍മിച്ചിരിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുള്ള പ്രദേശമാണിത്. ഇവിടെ ടെന്നിസ് കോര്‍ട്ട് നിര്‍മിക്കാനാണ് നരങ് അനുവാദം തേടിയതെന്നും ഇതിന്റെ മറവില്‍ പിന്നീട് വലിയ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുകയായിരുന്നുവെന്നുമാണ് ആരോപണം.
അതേസമയം, ആരോപണത്തെ കുറിച്ച് പ്രതികരിക്കാന്‍ സച്ചിനും സഞ്ജയ് നരങും വിസമ്മതിച്ചതായി ഇക്കണോമിക് ടൈംസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണം നല്‍കാന്‍ പ്രതിരോധ മന്ത്രാലയവും വിസമ്മതിച്ചിട്ടുണ്ട്. ലന്തോര്‍ കന്റോണ്‍മെന്റിലെ അനധികൃത നിര്‍മാണത്തിന്റെ പേരില്‍ നേരത്തെയും വിവാദത്തിലിടം നേടിയ സ്ഥാപനമാണിത്.