സജ്ജനാറിന് ‘ഏറ്റുമുട്ടല്‍’ കൊലകള്‍ പുത്തരിയല്ല; 2008ല്‍ ആസിഡ് കേസ്, 2019ല്‍ ബലാല്‍സംഗക്കൊല

വെറ്ററിനറി ഡോക്ടറെ ബലാല്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള് 'ഏറ്റുമുട്ടലില്' വധിച്ച സൈബറാബാദ് പോലീസിന്റെ തലവന് വി.സി.സജ്ജനാര് മുന്പും ഇത്തരത്തില് പ്രതികളെ വധിച്ചിട്ടുണ്ടെന്ന് റിപ്പോര്ട്ട്.
 | 
സജ്ജനാറിന് ‘ഏറ്റുമുട്ടല്‍’ കൊലകള്‍ പുത്തരിയല്ല; 2008ല്‍ ആസിഡ് കേസ്, 2019ല്‍ ബലാല്‍സംഗക്കൊല

ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ‘ഏറ്റുമുട്ടലില്‍’ വധിച്ച സൈബറാബാദ് പോലീസിന്റെ തലവന്‍ വി.സി.സജ്ജനാര്‍ മുന്‍പും ഇത്തരത്തില്‍ പ്രതികളെ വധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. വാറംഗല്‍ എസ്പിയായിരിക്കെ 2008 ഡിസംബറിലാണ് ആദ്യ സംഭവം. വാറംഗലില്‍ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച കേസിലെ പ്രതികളാണ് പോലീസിന്റെ വെടിയേറ്റ് മരിച്ചത്. ആസിഡ് ആക്രമണത്തില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു.

കേസില്‍ അറസ്റ്റിലായ ശ്രീനിവാസ്, സഞ്ജയ്, ഹരികൃഷ്ണ എന്നിവരാണ് പിന്നീട് വെടിയേറ്റ് മരിച്ചത്. പെണ്‍കുട്ടി പ്രണയം നിരസിച്ചതിന് പ്രതികാരമായാണ് ആസിഡ് ഒഴിച്ചതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചിരുന്നു. പ്രതികള്‍ ആക്രമിച്ചതിനാല്‍ വെടിവെക്കേണ്ടി വന്നുവെന്നാണ് അന്ന് സജ്ജനാര്‍ നല്‍കിയ വിശദീകരണം. പ്രതികള്‍ സഞ്ചരിച്ച ബൈക്ക് കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായതെന്നും പോലീസ് വിശദീകരിച്ചു. അന്നും പ്രതികളുമായി തെളിവെടുപ്പിന് എത്തിയപ്പോഴാണ് വെടിവെപ്പുണ്ടായത്.

എന്നാല്‍ പോലീസ് ഇവരെ ആസൂത്രിതമായ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. നിരവധി മനുഷ്യാവകാശ സംഘടനകളും അന്ന് പോലീസിനെതിരെ രംഗത്തെത്തിയിരുന്നു. ഹൈദരാബാദില്‍ നയിമുദ്ദീന്‍ എന്ന നക്‌സല്‍ കൊല്ലപ്പെട്ടതിന് പിന്നിലും സജ്ജനാറിന്റെ ഏറ്റുമുട്ടല്‍ നയമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.