ശാരദ ചിട്ടി തട്ടിപ്പ്: ബംഗാൾ മന്ത്രിക്ക് സിബിഐയുടെ സമൻസ്

ശാരദ ചിട്ടി തട്ടിപ്പ് കേസിൽ ബംഗാൾ മന്ത്രിക്ക് സി.ബി.ഐ.യുടെ സമൻസ്. ഗതാഗത വകുപ്പ് മന്ത്രി മദൻ മിത്രയ്ക്കാണ് സി.ബി.ഐയുടെ പ്രത്യേക ക്രൈംബ്രാഞ്ച് വിഭാഗം സമൻസ് അയച്ചിരിക്കുന്നത്.
 | 
ശാരദ ചിട്ടി തട്ടിപ്പ്: ബംഗാൾ മന്ത്രിക്ക് സിബിഐയുടെ സമൻസ്

 

കൊൽക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ ബംഗാൾ മന്ത്രിക്ക് സി.ബി.ഐ.യുടെ സമൻസ്. ഗതാഗത വകുപ്പ് മന്ത്രി മദൻ മിത്രയ്ക്കാണ് സി.ബി.ഐയുടെ പ്രത്യേക ക്രൈംബ്രാഞ്ച് വിഭാഗം സമൻസ് അയച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഈയാഴ്ച ഹാജരാകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. കേസിൽ ആദ്യമായാണ് ഒരു മന്ത്രിക്ക് സമൻസ് ലഭിക്കുന്നത്.

പശ്ചിമ ബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ശാഖകളുള്ള ശാരദ ചിട്ടി ഗ്രൂപ്പ് നിക്ഷേപകരെ വഞ്ചിച്ചതായാണ് കേസ്. ലക്ഷക്കണക്കിന് ചെറുകിട, ഇടത്തരം നിക്ഷേപകരിൽ നിന്നും കോടിക്കണക്കിന് തുകയാണ് നിക്ഷേപമായി കമ്പനി സ്വീകരിച്ചത്. സമ്പാദ്യം നഷ്ടമായതിനെ തുടർന്ന് ബംഗാളിലും അസമിലും നിരവധി പേർ പ്രക്ഷോഭങ്ങളുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ചില നിക്ഷേപകർ ജീവനൊടുക്കുകയും ചെയ്തിരുന്നു.

കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് മുൻ എം.പി കുനാൽഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് വൻ വാർത്തയായിരുന്നു. കൊൽക്കത്തയിലെ പ്രസിഡൻസി ജയിലിൽ ഉറക്ക ഗുളികകൾ കഴിച്ചാണ് കുനാൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.