പൗരത്വ ഭേദഗതി നിയമം; കേരളത്തിന്റെ സ്യൂട്ടില്‍ നിയമ മന്ത്രാലയത്തിന് ചേംബര്‍ സമന്‍സ്

പൗരത്വ ഭേദഗതി നിയമത്തില് കേന്ദ്ര നിയമ മന്ത്രാലയത്തിന് സുപ്രീം കോടതിയുടെ ചേംബര് സമന്സ്.
 | 
പൗരത്വ ഭേദഗതി നിയമം; കേരളത്തിന്റെ സ്യൂട്ടില്‍ നിയമ മന്ത്രാലയത്തിന് ചേംബര്‍ സമന്‍സ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര നിയമ മന്ത്രാലയത്തിന് സുപ്രീം കോടതിയുടെ ചേംബര്‍ സമന്‍സ്. കേരളത്തിന്റെ സ്യൂട്ടിലാണ് നടപടി. സുപ്രീം കോടതി രജിസ്ട്രി ഇതിന്‍മേലുള്ള നോട്ടീസ് അറ്റോര്‍ണി ജനറലിന്റെ ഓഫീസിന് നല്‍കിയിരുന്നു. എന്നാല്‍ വക്കാലത്ത് ഇടാത്തതിനാലാണ് സമന്‍സ് നല്‍കിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനുവരിയിലാണ് സംസ്ഥാനം സ്യൂട്ട് ഫയല്‍ ചെയ്തത്.

സുപ്രീം കോടതി രജിസ്ട്രി നിര്‍ദേശിച്ചതനുസരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ജി. പ്രകാശ് സമന്‍സിന്റെ പകര്‍പ്പ് കഴിഞ്ഞയാഴ്ച നിയമമന്ത്രാലയത്തിന് നല്‍കി. ഇത് കൈപ്പറ്റിയതിന്റെ രേഖ സംസ്ഥാനം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സ്യൂട്ട് സെപ്റ്റംബര്‍ മൂന്നാം വാരത്തില്‍ കോടതി പരിഗണിച്ചേക്കുമെന്നാണ് വിവരം.

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വിധിക്കണം, നിയമം റദ്ദാക്കണം, പാസ്സ്പോര്‍ട്ട് നിയമത്തിലെ 2015ലെ ചട്ടങ്ങളും വിദേശികളുടെ ഇന്ത്യയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട 2016ലെ ചട്ടങ്ങളും ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ച് കൊണ്ട് റദ്ദാക്കണം എന്നിവയാണ് കേരളം നല്‍കിയ സ്യൂട്ടിലെ പ്രധാന ആവശ്യങ്ങള്‍.