റഫാല്‍ കേസില്‍ പുനഃപരിശോധനയില്ല; ഹര്‍ജികള്‍ തള്ളി

റഫാല് കേസിലെ പുനഃപരിശോധാ ഹര്ജികള് സുപ്രീം കോടതി തള്ളി.
 | 
റഫാല്‍ കേസില്‍ പുനഃപരിശോധനയില്ല; ഹര്‍ജികള്‍ തള്ളി

ന്യൂഡല്‍ഹി: റഫാല്‍ കേസിലെ പുനഃപരിശോധാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ഡിസംബര്‍ 14ലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വിധിച്ചു. സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ച് ആദ്യ വിധിയിലുണ്ടായിരുന്ന തെറ്റായ പരാമര്‍ശം തിരുത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. രഞ്ജന്‍ ഗൊഗോയ്, എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനില്‍നിന്നു 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി കഴിഞ്ഞ ഡിസംബര്‍ 14ന് കോടതി തള്ളിയിരുന്നു. 59.000 കോടി രൂപയ്ക്കാണ് 36 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാറായത്. ഈ ഇടപാടില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നായിരുന്നു കോടതി കണ്ടെത്തിയത്. ഇടപാടിലൂടെ കേന്ദ്രസര്‍ക്കാര്‍ റിലയന്‍സിന് നേട്ടമുണ്ടാക്കിക്കൊടുക്കുകയാണെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞിരുന്നു. അതേസമയം ആരോപണത്തില്‍ തെളിവില്ലെന്നും യുദ്ധവിമാനങ്ങളുടെ വില പരിശോധിക്കല്‍ തങ്ങളുടെ പരിധിയിലല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

റഫാല്‍ വിഷയത്തെക്കുറിച്ച് സിഎജി റിപ്പോര്‍ട്ട് ഉണ്ടെന്നും അതു പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചെന്നും ഡിസംബറിലെ വിധിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇടപാടുമായി ബന്ധപ്പെട്ട വസ്തുതകള്‍ സര്‍ക്കാര്‍ സുപ്രീംകോടതിക്കു മുന്‍പാകെ മറച്ചുവെച്ചെന്ന് ആരോപിച്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്. ബിജെപി വിമതരും മുന്‍കേന്ദ്രമന്ത്രിമാരുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, എന്നിവരാണ് പുനഃപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിച്ചത്.