കോടതിയലക്ഷ്യ കേസ്; പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി

കോടതിയലക്ഷ്യക്കേസില് പ്രശാന്ത് ഭൂഷണ് കുറ്റക്കാരനാണെന്ന് സുപ്രീം കോടതി.
 | 
കോടതിയലക്ഷ്യ കേസ്; പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെക്കെതിരെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ട്വീറ്റുകള്‍ നല്‍കിയ സംഭവത്തിലാണ് പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതിയലക്ഷ്യം നടത്തിയെന്ന് കോടതി പറഞ്ഞു. ശിക്ഷ സംബന്ധിച്ച് 20-ാം തിയതി വാദം കേള്‍ക്കും.

ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രവുമായി ജൂണ്‍ 29ന് നല്‍കിയ ട്വീറ്റും സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസുമാരെക്കുറിച്ചുള്ള ജൂണ്‍ 27ലെ ട്വീറ്റുമാണ് കോടതിയലക്ഷ്യമായി സുപ്രീം കോടതി കണ്ടെത്തിയത്. ‘ജനങ്ങള്‍ക്കു നീതി നിഷേധിച്ചുകൊണ്ട് സുപ്രീംകോടതി അടച്ചിട്ട ചീഫ് ജസ്റ്റിസ്, ബി.ജെ.പി. നേതാവിന്റെ മകന്റെ 50 ലക്ഷം രൂപയുടെ ബൈക്കില്‍ ഹെല്‍മെറ്റും മുഖാവരണവുമില്ലാതെ ഇരിക്കുന്നു’ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചിത്രത്തിനൊപ്പമുള്ള ട്വീറ്റ്.

‘അടിയന്തരാവസ്ഥയില്ലാതെതന്നെ കഴിഞ്ഞ ആറുവര്‍ഷം ഇന്ത്യയില്‍ എങ്ങനെയാണ് ജനാധിപത്യം നശിപ്പിക്കപ്പെട്ടതെന്ന് ചരിത്രകാരന്മാര്‍ തിരിഞ്ഞുനോക്കിയാല്‍ അതില്‍ സുപ്രീംകോടതിയുടെ, പ്രത്യേകിച്ച് അവസാനത്തെ നാലു ചീഫ് ജസ്റ്റിസുമാരുടെ പങ്ക് പ്രത്യേകം അടയാളപ്പെടുത്തും’ എന്നായിരുന്നു ജൂണ്‍ 27ലെ ട്വീറ്റ്. ഇതിനെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി.ആര്‍. ഗാവി, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ കേസില്‍ വിധി പ്രസ്താവിച്ചത്.