ഡല്‍ഹി കലാപത്തില്‍ വ്യാപക അക്രമസംഭവങ്ങള്‍; മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു, മരണസംഖ്യ 9 ആയി

ഡല്ഹി കലാപത്തില് വ്യാപക അക്രമസംഭവങ്ങള്. മാധ്യമപ്രവര്ത്തകര്ക്ക് നേരെ ആക്രമണമുണ്ടായി.
 | 
ഡല്‍ഹി കലാപത്തില്‍ വ്യാപക അക്രമസംഭവങ്ങള്‍; മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു, മരണസംഖ്യ 9 ആയി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ വ്യാപക അക്രമസംഭവങ്ങള്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായി. ജെകെ 24X7 റിപ്പോര്‍ട്ടര്‍ക്ക് നെഞ്ചില്‍ വെടിയേറ്റു. എന്‍ഡിടിവിയുടെ മൂന്ന് റിപ്പോര്‍ട്ടര്‍മാര്‍ക്കും ക്യാമറമാനും നേരെയും ആക്രമണമുണ്ടായി. മാധ്യമപ്രവര്‍ത്തകരെ അക്രമികള്‍ തടയുകയാണ്. എന്‍ഡിടിവി റിപ്പോര്‍ട്ടറായ അരവിന്ദ് ഗുണശേഖറിനെ അക്രമികള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അരവിന്ദിന്റെ ഒരു പല്ല് നഷ്ടമായിട്ടുണ്ട്. അരവിന്ദിനെ രക്ഷിക്കാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകന്‍ സൗരഭ് ശുക്ലയുടെ തലയ്ക്ക് അടിയേറ്റു.

എന്‍ഡിടിവിയിലെ വനിതാ മാധ്യമപ്രവര്‍ത്തക മരിയം അലവിക്ക് മറ്റൊരിടത്ത് വെച്ചാണ് ആക്രമണം നേരിടേണ്ടി വന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം നടക്കുമ്പോള്‍ സംഭവസ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ ആരംഭിച്ച കലാപത്തില്‍ മരണ സംഖ്യ 9 ആയി ഉയര്‍ന്നു. 160 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഘര്‍ഷം അടിച്ചമര്‍ത്തുന്നതിനായി 35 കമ്പനി കേന്ദ്രസേനയെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വിന്യസിക്കുമെന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും ഡല്‍ഹി പോലീസിന്റെയോ കേന്ദ്രസേനയുടെയൊ സാന്നിധ്യം ഡല്‍ഹിയില്‍ കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അക്രമികള്‍ ആയുധങ്ങളുമായി തെരുവികളില്‍ റോന്തുചുറ്റുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.