ഉന്നാവ് കേസ് പ്രതി കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ എംഎല്‍എ സ്ഥാനം റദ്ദാക്കി

ഉന്നാവ് ബലാല്സംഗക്കേസില് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുന് ബിജെപി നേതാവ് കുല്ദീപ് സിങ് സെന്ഗാറിന്റെ എംഎല്എ സ്ഥാനം നഷ്ടമായി.
 | 
ഉന്നാവ് കേസ് പ്രതി കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ എംഎല്‍എ സ്ഥാനം റദ്ദാക്കി

ലഖ്‌നൗ: ഉന്നാവ് ബലാല്‍സംഗക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ ബിജെപി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ എംഎല്‍എ സ്ഥാനം നഷ്ടമായി. ഉത്തര്‍പ്രദേശിലെ ബംഗര്‍മാരു മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു ഇയാള്‍. ഇയാള അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി. 17 വയസുകാരിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ ബലാല്‍സംഗം ചെയ്തത്.

പിന്നീട് പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു. കസ്റ്റഡിയില്‍ മര്‍ദ്ദനത്തിനിരയായ പിതാവ് മരിക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരാവസ്ഥയിലാകുകയും സുപ്രീം കോടതി ഇടപെട്ട് ബലാല്‍സംഗക്കേസിന്റെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

‘ജനപ്രതിനിധി എന്ന നിലയ്ക്ക് ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം എംഎല്‍എ തകര്‍ത്തു. കേസ് ഇല്ലാതാക്കാന്‍ എല്ലാ ശ്രമവും നടത്തി. ഇരയേയും കുടുംബത്തേയും അധികാരം ഉപയോഗിച്ച് വേട്ടയാടി’ എന്നാണ് കോടതി ഇയാള്‍ക്കുള്ള ശിക്ഷാവിധിയില്‍ പറഞ്ഞത്. ജീവപര്യന്തം തടവ് ഇയാളുടെ ജീവിതാവസാനം വരെയായിരിക്കുമെന്നും വിധിയില്‍ കോടതി വ്യക്തമാക്കിയിരുന്നു.

ജോലിക്കായി സഹായം തേടിയെത്തിയ പെണ്‍കുട്ടിയെ ഉന്നാവിലെ വസതിയില്‍ വച്ച് സെംഗാര്‍ ബലാല്‍സംഗം ചെയ്തു എന്നാണ് കേസ്. പിന്നീട് പിതാവിന്റെ മരണശേഷം പെണ്‍കുട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആതമഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് വാര്‍ത്ത ദേശീയ ശ്രദ്ധ നേടിയത്.