കള്ളപ്പണക്കാര്‍ പണം വെളുപ്പിക്കുന്ന 7 വഴികള്‍; കരുതലോടെയിരുന്നില്ലെങ്കില്‍ സാധാരണക്കാരെയും ഉപയോഗിക്കും

നോട്ട് പിന്വലിക്കല് പ്രഖ്യാപനം രാജ്യത്തെ കള്ളപ്പണക്കാരേയും വ്യാജ നോട്ട് വിതരണക്കാരേയും വലിയ തോതിലാണ് പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. നടപ്പാക്കിയ രീതിയേക്കുറിച്ച് വിമര്ശനങ്ങള് ഉണ്ടെങ്കിലും കള്ളപ്പണത്തിന്റെ ഒഴുക്ക് നിലക്കാന് നടപടി സഹായിക്കും എന്നത് ആരും നിഷേധിക്കുന്നില്ല. ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കാമെന്ന ആലോചനയിലാകണം ഇപ്പോള് നികുതി വെട്ടിപ്പുകാര്. അതിന് പല വഴികളും അവര് തേടുമെന്നുറപ്പ്. ഇതിനായി സാധാരണക്കാരേയും ഉപയോഗിച്ചേക്കാമെന്നും ചിലര് പറയുന്നുണ്ട്. അറിഞ്ഞും അറിയാതെയും ചിലര് അവരുടെ കെണിയില് വീണേക്കാം. താല്ക്കാലികമായ ലാഭം പ്രതീക്ഷിച്ച്, ഭാവിയില് വലിയ ഭവിഷ്യത്തുകള് നേരിടേണ്ടി വന്നേക്കാവുന്ന കുഴപ്പത്തിലേക്കാണ് ഇത്തരക്കാര് വീഴുന്നത്. കള്ളപ്പണക്കാര് പണം വെളുപ്പിക്കാന് ഉപയോഗിക്കുമെന്ന് കരുതപ്പെടുന്ന 6 വഴികളാണ് ഇവിടെ ചേര്ക്കുന്നത്.
 | 

കള്ളപ്പണക്കാര്‍ പണം വെളുപ്പിക്കുന്ന 7 വഴികള്‍; കരുതലോടെയിരുന്നില്ലെങ്കില്‍ സാധാരണക്കാരെയും ഉപയോഗിക്കും

വര്‍ഗീസ് ആന്റണി

നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം രാജ്യത്തെ കള്ളപ്പണക്കാരേയും വ്യാജ നോട്ട് വിതരണക്കാരേയും വലിയ തോതിലാണ് പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. നടപ്പാക്കിയ രീതിയേക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും കള്ളപ്പണത്തിന്റെ ഒഴുക്ക് നിലക്കാന്‍ നടപടി സഹായിക്കും എന്നത് ആരും നിഷേധിക്കുന്നില്ല. ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കാമെന്ന ആലോചനയിലാകണം ഇപ്പോള്‍ നികുതി വെട്ടിപ്പുകാര്‍. അതിന് പല വഴികളും അവര്‍ തേടുമെന്നുറപ്പ്. ഇതിനായി സാധാരണക്കാരേയും ഉപയോഗിച്ചേക്കാമെന്നും ചിലര്‍ പറയുന്നുണ്ട്. അറിഞ്ഞും അറിയാതെയും ചിലര്‍ അവരുടെ കെണിയില്‍ വീണേക്കാം. താല്‍ക്കാലികമായ ലാഭം പ്രതീക്ഷിച്ച്, ഭാവിയില്‍ വലിയ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വന്നേക്കാവുന്ന കുഴപ്പത്തിലേക്കാണ് ഇത്തരക്കാര്‍ വീഴുന്നത്. കള്ളപ്പണക്കാര്‍ പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുമെന്ന് കരുതപ്പെടുന്ന 7 വഴികളാണ് ഇവിടെ ചേര്‍ക്കുന്നത്.

1. വന്‍ തോതില്‍ സ്വര്‍ണം വാങ്ങുക

നികുതിയടക്കാതെ സമ്പാദിച്ച പണമുപയോഗിച്ച് വന്‍തോതില്‍ സ്വര്‍ണം വാങ്ങി പണം മറ്റൊരു രൂപത്തിലേക്ക് മാറ്റിയെടുക്കാന്‍ കുറച്ച് പേര്‍ക്കെങ്കിലും ഇതിനകം കഴിഞ്ഞിട്ടുണ്ട്. അഞ്ഞൂറിന്റെയും ആയിരത്തിന്റേയും നോട്ടുകള്‍ നിരോധിച്ച് പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകം തന്നെ കള്ളപ്പണക്കാര്‍ ജൂവലറി ഷോപ്പുകളിലേക്ക് ഓടി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുംബൈയിലെ സ്വര്‍ണക്കടകളുടെ തെരുവായ സാവേരി ബസാറില്‍ നവംബര്‍ എട്ടിന് കടകളടച്ചത് അര്‍ദ്ധരാത്രിയോടെയാണെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 10 ഗ്രാം സ്വര്‍ണത്തിന് 31000 രൂപ വിലയുള്ളപ്പോള്‍ 50000 മുതല്‍ 60000 രൂപ വരെ വിലക്കാണ് അന്ന് രാത്രി സാവേരി ബസാറില്‍ കടച്ചവടം നടന്നത്.

ഇന്ത്യയിലാകമാനം ഈ പ്രവണത കണ്ടു. കള്ളപ്പണമുള്ളവര്‍ ബാഗില്‍ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും കെട്ടുകളുമായി ജൂവലറികളിലേക്ക് ഒഴുകി. കേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ജൂവലറി ശൃംഖലയുടെ എറണാകുളത്തെ രണ്ട് ബ്രാഞ്ചുകളില്‍ മാത്രം അന്ന് രാത്രി 25 കോടിയുടെ കച്ചവടം നടന്നെന്ന് പറയപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ഷോറൂമുകളുള്ള ഇവരുടെ പല ബ്രാഞ്ചുകളും അര്‍ദ്ധരാത്രി വരെ പ്രവര്‍ത്തിച്ചു. എറണാകുളം നഗരത്തിലെ പ്രമുഖ മാളില്‍ പ്രവര്‍ത്തിക്കുന്ന ഷോറൂമില്‍ രാത്രി ഒരുമണിക്കും കച്ചവടം പൊടിപൊടിച്ചു. വേണ്ടപ്പെട്ടവര്‍ക്കും ഓഹരി ഉടമകള്‍ക്കും വേണ്ടിയായിരുന്നു രാത്രി കച്ചവടം എന്നുമാത്രം. പിറ്റേ ദിവസം ഇതുള്‍പ്പെടെ ചില ജൂവലറി ഗ്രൂപ്പുകളുടെ ഓഫീസുകളില്‍ സെയില്‍സ് ടാക്‌സ് റെയ്ഡ് നടന്നിരുന്നു. സ്വര്‍ണക്കടകളിലെ തിരക്ക് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും മലയാളത്തിലെ ഒരു പത്രവും ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. റെയ്ഡ് വിവരവും ആരും പുറത്ത് വിട്ടില്ല.

രണ്ട് ലക്ഷത്തിന് മുകളിലുള്ള തുകക്ക് സ്വര്‍ണം വാങ്ങുമ്പോള്‍ ഇന്ത്യയില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഈ നിബന്ധന മറികടക്കാന്‍ ഉയര്‍ന്ന മൂല്യത്തിലുള്ള ബില്ലുകളെ വിഭജിച്ച് ചെറുതാക്കി സ്വര്‍ണക്കടകള്‍ തട്ടിപ്പ് നടത്തിയെന്ന് ആരോപണമുണ്ട്. ഇതുവഴി ആയിരക്കണക്കിന് കോടി രൂപയുടെ കള്ളപ്പണം രാജ്യത്ത് വെളുപ്പിച്ചതായാണ് സുചന. വിഷയം സര്‍ക്കാരിന്റെ മുന്നിലുമെത്തിക്കഴിഞ്ഞു. ഇതേക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര കഴിഞ്ഞ ദിവസം അറിയിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തെ 600ഓളം ജൂവലറികള്‍ക്ക് ഇന്‍കം ടാക്‌സ് വിഭാഗം നോട്ടീസ് അയച്ചുകഴിഞ്ഞു. നവംബര്‍ 7നും 10നും ഇടയിലുള്ള കച്ചവടത്തിന്റെ കണക്ക് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. കേരളത്തിലെ പല ജൂവലറി ഗ്രൂപ്പുകളും ഇതില്‍ കുടുങ്ങുമെന്ന് സൂചനയുണ്ട്.

2. ബില്ലുകള്‍ റീ വാല്യു ചെയ്യുക

ബിസിനസുകാരാണ് ഈ മാര്‍ഗം ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ സാധ്യതയുള്ളത്. റീട്ടെയില്‍ ഷോപ്പുടമകള്‍ മുതല്‍ വന്‍കിട ബിസിനസുകാര്‍ വരെ ഈ വിധം നികുതിയടക്കാതെ സമ്പാദിച്ച പണം അക്കൗണ്ടിലെത്തിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ബില്ലെഴുതുമ്പോള്‍ നല്‍കേണ്ട വാറ്റ് ഉള്‍പ്പെടെ ഒടുക്കേണ്ടി വരുമെങ്കിലും പണം മുഴുവനായി നഷ്ടപ്പെടുന്നത് ഒഴിവാക്കാനാകും ഇവര്‍ ശ്രമിക്കുക.

ഇതെങ്ങനെ സാധിക്കുമെന്ന് നോക്കാം. ഓരോ സ്ഥാപനവും അവരുടെ വ്യാപാര വിവരങ്ങളടങ്ങിയ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത് തൊട്ടടുത്ത മാസമാണ്. 15, 20, 25 എന്നിങ്ങനെ വ്യത്യസ്ത തിയതികളില്‍ റിട്ടേണ്‍ നല്‍കുന്നവരുണ്ട്. ഇതനുസരിച്ച് സെപ്റ്റംബര്‍ മാസത്തിലെ റിട്ടേണാകും ഇതുവരെ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടാവുക. ഒക്ടോബര്‍ മാസത്തിലെ റിട്ടേണില്‍ മാറ്റങ്ങള്‍ വരുത്തി കുറച്ച് പണമെങ്കിലും ഇവര്‍ക്ക് മാറ്റിയെടുക്കാന്‍ സാധിക്കും. നടക്കാത്ത കച്ചവടം നടന്നെന്ന് കാണിച്ചും, നടന്ന കച്ചവടത്തിന്റെ ബില്ലില്‍ തുക ഉര്‍ത്തിക്കാട്ടിയും ഇത് സാധിക്കും. ഇതുവഴി സര്‍ക്കാരിന് നികുതി വരുമാനം വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. 5% മുതല്‍ 15% വരെയാണ് പരമാവധി നികുതിയായി കച്ചവടക്കാരന്‍ നല്‍കേണ്ടത്.

ഇവിടെയാണ് ഉപഭോക്താക്കള്‍ കരുതലെടുക്കേണ്ട ചില കാര്യങ്ങളുള്ളത്. ഒരു മാസത്തിനുള്ളില്‍ നടത്തിയിട്ടുള്ള പര്‍ച്ചേസുകളുടെ ബില്ലുകള്‍ കയ്യിലുണ്ടെങ്കില്‍ അത് നഷ്ടപ്പെട്ട് പോകാതെ ശ്രദ്ധിക്കണം. ഈ ബില്ലുകള്‍ ഉയര്‍ന്ന തുകയായി മാറ്റിയെഴുതി കച്ചവടക്കാരന്‍ തട്ടിപ്പ് നടത്തിയാല്‍ അതിന്റെ ഭവിഷ്യത്ത് ഉപഭോക്താവ് അനുഭവിക്കേണ്ടിവരും. ഇന്‍കം ടാക്‌സ് വകുപ്പില്‍ നിന്ന് ഭാവിയില്‍ ഉപഭോക്താവിന് നോട്ടീസ് ലഭിക്കാനും ഇടയായേക്കും. അപ്പോള്‍ തങ്ങള്‍ നടത്തിയ പര്‍ച്ചേസിന്റെ യഥാര്‍ത്ഥ തുക എത്രയെന്ന് തെളിയിക്കാന്‍ കയ്യിലുള്ള ബില്ല് സഹായിക്കും. രണ്ട് ലക്ഷത്തിന് മുകളിലുള്ള ക്യാഷ് പര്‍ച്ചേസിന് പാന്‍ കാര്‍ഡ് ആവശ്യമാണ്. അങ്ങനെ പാന്‍ കാര്‍ഡ് നല്‍കിയിട്ടുള്ളവരുടെ ബില്ലിലെ തുക എത്രവേണമെങ്കിലും കച്ചവടക്കാരന് വര്‍ദ്ധിപ്പിക്കാം എന്നത് തട്ടിപ്പിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു.

3. അഡ്വാന്‍സ്ഡ് ബുക്കിംഗ്

ചരക്കുകളും സേവനങ്ങളും മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ പിന്‍വലിക്കപ്പെട്ട നോട്ടുകള്‍ ഉപയോഗിക്കുക എന്നതാണ് ഈ വഴി ഉപയോഗിക്കുന്നവരുടെ രീതി. അത്തരം സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് കൊണ്ട് പലരും രംഗത്തെത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഒരു കച്ചവടക്കാരന്‍ തന്റെ സ്ഥാപനത്തിലേക്ക് വരും മാസങ്ങളില്‍ വേണ്ട ചരക്കിന് പഴയ നോട്ടുകള്‍ ഉപയോഗിച്ചാല്‍ തടയാനാകില്ല. തിയതിയില്‍ മാറ്റങ്ങള്‍ വരുത്തി ഇത് വാങ്ങാന്‍ ഹോള്‍സെയില്‍ ഡീലര്‍ക്ക് കഴിഞ്ഞേക്കും. അവര്‍ക്ക് പണം ബാങ്കില്‍ നിന്നും മാറാനും തടസമുണ്ടാകില്ല. കച്ചവടക്കാര്‍ ഇങ്ങനെ കോടികള്‍ വെളുപ്പിക്കുന്നുണ്ടെന്നാണ് സൂചന. ചരക്കുകള്‍ മാത്രമല്ല സേവനങ്ങളും ഇങ്ങനെ മുന്‍കൂട്ടി വാങ്ങാം. പരസ്യ ഏജന്‍സികള്‍ അടുത്ത വര്‍ഷങ്ങളിലേക്കുള്ള എല്ലാ പരസ്യങ്ങളും ബുക്ക് ചെയ്യാന്‍ പിന്‍വലിച്ച നോട്ട് വാങ്ങാമെന്ന് വ്യാപാരികളോട് പറയുന്നുണ്ടത്രേ. തിയതികളില്‍ മാറ്റം വരുത്തി തുക വെളുപ്പിക്കാന്‍ ഏജന്‍സികള്‍ക്ക് സാധിച്ചേക്കും. ഇത്തരം വ്യാപാരങ്ങള്‍ക്ക് തടയിടാന്‍ എന്ത് തരം നടപടികളാണ് സര്‍ക്കാരിന് ചെയ്യാനാവുക എന്നത് വ്യക്തമല്ല. തുക അക്കൗണ്ടബിള്‍ ആകും എന്ന നേട്ടം സര്‍ക്കാരിനുണ്ട്.

4. പരിചയക്കാരുടേയും ജീവനക്കാരുടേയും അക്കൗണ്ടുകള്‍ വഴി മാറുക

രണ്ടര ലക്ഷം രൂപ വരെ സ്വന്തം അക്കൗണ്ടുകളില്‍ യാതൊരു രേഖയുമില്ലാതെ നിക്ഷേപിക്കാം എന്നാണ് ധനകാര്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. അതിന് മുകളിലുള്ള തുക നിക്ഷേപിക്കുന്നവര്‍ മാത്രമേ പിന്നീട് വരുമാന സ്രോതസ് വെളിപ്പെടുത്തേണ്ടിവരികയുള്ളു. ഈ ഇളവ് ദുരുപയോഗപ്പെടുത്തി ചിലര്‍ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നാണ് സൂചന. ബാങ്ക് അക്കൗണ്ടും പാന്‍ കാര്‍ഡുമുള്ള ആളുകളെയാണ് ഇതിന് ഉപയോഗപ്പെടുത്താനാവുക. പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ മാറ്റുമ്പോള്‍ ക്യാഷ് ചെക്ക് ഉപയോഗിച്ച് തുക പിന്‍വലിച്ച് കൈമാറുക എന്ന നിബന്ധനയിലാകും നിക്ഷേപം. ഒരു ചെറിയ തുക കമ്മീഷനായി പണം നിക്ഷേപിക്കുന്നവര്‍ക്ക് ലഭിക്കാനുമിടയുണ്ട്. 10 പേരെ ഇതിനായി ഉപയോഗിച്ചാല്‍ 25 ലക്ഷം വെളുപ്പിക്കാം.

പരിചയക്കാരെയും സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെയും ഈ വഴിയില്‍ പണം വെളുപ്പിക്കാന്‍ പലരും ഉപയോഗപ്പെടുത്തുന്നുണ്ട്. നൂറും ഇരുന്നൂറും ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ വിശ്വസ്തരായവരെ തെരഞ്ഞെടുത്താണ് പണം നിക്ഷേപിക്കല്‍ നടക്കുന്നത്. ധാരാളം ജോലിക്കാരുള്ള ഫാക്ടറികള്‍, ടെക്സ്റ്റയില്‍ ഷോപ്പുകള്‍, അന്യസംസ്ഥാനക്കാര്‍ പണിയെടുക്കുന്ന പ്ലൈവുഡ് വ്യവസായം എന്നിങ്ങനെയുള്ള മേഖലകള്‍ സംശയത്തിന്റെ നിഴലിലാണ്. ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് വലിയ തുക മാറിയെടുക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവിടെയെല്ലാ നികുതി വിഭാഗത്തിന്റെ നിരീക്ഷണവുമുണ്ട്. ഇത്തരത്തില്‍ മാറാനാണ് തമിഴ്‌നാട്ടില്‍ നിന്നും മറ്റും കേരളത്തിലേക്ക് വലിയ തുകകള്‍ എത്തുന്നതെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ ദിവസം വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ പിടിച്ചെടുത്ത ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകള്‍ ഇങ്ങനെ മാറാന്‍ ലക്ഷ്യമിട്ടാകാം കൊണ്ടുവന്നതെന്ന് പോലീസ് പറയുന്നു.

സര്‍ക്കാര്‍ നടപടിയൊന്നും ഉണ്ടാകില്ലെന്ന് വിചാരിച്ച് 2.5 ലക്ഷം വീതം സ്വന്തം അക്കൗണ്ട് വഴി മാറി നല്‍കുന്നവര്‍ ഭാവിയില്‍ പല പ്രശ്‌നങ്ങളും നേരിടേണ്ടി വരും എന്നാണ് സൂചന. ഇത്തരക്കാരെയെല്ലാം സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ ബി.പി.എല്‍ ലിസ്റ്റില്‍ റേഷന്‍ കാര്‍ഡ് ഉള്ളവരാണ് പണം മാറി നല്‍കുന്നതെങ്കില്‍ അവരുടെ ആ സ്റ്റാറ്റസ് നഷ്ടപ്പെട്ടേക്കും എന്നതാണ് ഇതില്‍ പ്രധാനം. വരുമാന സര്‍ട്ടിഫിക്കറ്റില്‍ തുക കാണിക്കപ്പെട്ടേക്കാമെന്നതാണ് മറ്റൊരു സാധ്യത. കുറഞ്ഞ തുകക്കുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ വന്നാല്‍ പല ആനുകൂല്യങ്ങളും നഷ്ടമായേക്കാം. കൃഷി ഓഫീസില്‍ നിന്നുള്ള സബ്‌സിഡികള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസ് ആനുകൂല്യം വരെ ഇതില്‍ വരും. കള്ളപ്പണക്കാരുടെ യാതൊരു വാഗ്ദ്ധാനങ്ങളിലും വീഴരുതെന്ന് ധനമന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

5. സ്റ്റാറ്റ്യൂട്ടറി ബാധ്യത അടച്ച് തീര്‍ക്കല്‍

ഏതെങ്കിലും തരത്തിലുള്ള നികുതി ബാധ്യതകളോ സര്‍ക്കാരിലേക്ക് അടക്കാനുള്ള തുകകളോ പഴയ നോട്ടുകള്‍ നല്‍കി തീര്‍പ്പാക്കുന്ന രീതിയാണിത്. സര്‍ക്കാരുമായി കേസിലായ വിഷയങ്ങളും അവസാനിപ്പിച്ച് ഈ വിധം പണം മാറ്റിയെടുക്കപ്പെട്ടേക്കാമെന്ന് കരുതപ്പെടുന്നു. അത്തരം ബാധ്യതകളുള്ളവര്‍ക്ക് മാത്രമേ ഇത് സാധിക്കുകയുള്ളു. മാത്രമല്ല ബാധ്യത എത്രയാണോ ആ തുക മാത്രമേ മാറിയെടുക്കാനും കഴിയുകയുള്ളു.

6. നഷ്ടത്തിലായ കമ്പനികള്‍ വഴി

നഷ്ടത്തിലോടുന്ന കമ്പനിയുടെ ബില്ലുകള്‍ സൃഷ്ടിച്ച് തുക മാറിയെടുക്കുന്ന രീതിയാണിത്. ഇത്തരക്കാര്‍ക്ക് വാറ്റ് ആയി നൽകേണ്ട തുക പോകും. ഏതെങ്കിലും സർവ്വീസ് ആണ് നൽകുന്നതെങ്കിൽ സർവ്വീസ് ടാക്‌സാകും നൽകേണ്ടത്. ഏതായാലും 5 മുതൽ 15 ശതമാനമാണ് പരമാവധി നികുതിയായി നൽകേണ്ടി വരിക. കഴിഞ്ഞ വർഷം ഒരു കോടി നഷ്ടത്തിലായ കമ്പനിക്ക് ഈ വർഷം അതേ തുക ലാഭമായാലും വരുമാന നികുതി ഒന്നും നൽകേണ്ടതില്ല. പഴയ നഷ്ടം കാരിഫോർവേഡ് ചെയ്യുക എന്നതാണ് ഇതിന്റെ രീതി. മൂൻ വർഷങ്ങളിൽ കോടാനുകോടി രൂപയുടെ നഷ്ടമുണ്ടാക്കിയ കമ്പനികൾ ആ തുകകളൊക്കെ ഇത്തവണ പരിഹരിക്കും. എത്ര രൂപയാണോ നഷ്ടത്തിലായിരുന്നത് അതിന് തുല്ല്യമായ തുക വെളുപ്പിച്ചെടുക്കാനാകും. അതും 5% മുതൽ 15% വരെ നികുതി മാത്രം നൽകിക്കൊണ്ട്. അത്തരം കമ്പനികളുടെ ഉടമകളെ തേടിയാകും ഇപ്പോൾ കള്ളപ്പണക്കാർ പരക്കം പായുന്നത്.  ഇല്ലാത്ത വ്യാപാരം ഉണ്ടെന്ന് കാണിച്ച് നടത്തുന്ന തട്ടിപ്പിന്റെ വിശദാംശങ്ങള്‍ മുകളില്‍ പറഞ്ഞിട്ടുണ്ടല്ലൊ.

7. ആരാധനാലയങ്ങള്‍ വഴി മാറുക

കള്ളപ്പണക്കാര്‍ ആരാധനാലയങ്ങള്‍ക്ക് സംഭാവനയായി വലിയ തുക നല്‍കിയ ശേഷം മാറിയെടുക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു. ഇതിന് ക്ഷേത്രങ്ങളും മറ്റും തയ്യാറാകരുതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആരാധനാലയങ്ങളുടെ ഭരണം നിയന്ത്രിക്കുന്നവര്‍ സഹായിച്ചാല്‍ പണം മാറിയെടുക്കാം എന്ന സാധ്യത ഇപ്പോഴുമുണ്ട്. കുടുംബ ക്ഷേത്രങ്ങളും മറ്റും ഇങ്ങനെ വലിയ തോതില്‍ പണം മാറുന്നുണ്ടോ എന്നത് സര്‍ക്കാര്‍ നിരീക്ഷണത്തിലാണ്. ക്രിസ്ത്യന്‍ പള്ളികള്‍, മോസ്‌കുകള്‍, ദര്‍ഗകള്‍, സന്യാസീ മഠങ്ങള്‍ എന്നിവ വഴിയുള്ള പണം മാറലും സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്.

മുകളില്‍ പറഞ്ഞ മാര്‍ഗങ്ങളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നവര്‍ക്കെതിരെ സര്‍ക്കാരും നികുതി വകുപ്പും ജാഗരൂകരായി ഇരിക്കേണ്ടത് ഇപ്പോള്‍ നടത്തുന്ന നടപടികളുടെ ഗുണഫലം രാജ്യത്തിന് ലഭിക്കാന്‍ അത്യന്താപേക്ഷിതമാണ്. കള്ളപ്പണക്കാരുടെ വാഗ്ദാനങ്ങളില്‍ പെട്ട് നിയമത്തിന്റെ നൂലാമാലകളില്‍ പെടാതിരിക്കാന്‍ പൊതുജനവും കരുതലുള്ളവരാകേണ്ടതുണ്ട്.