ഗ്രീൻപീസ് പുതിയ വിവാദത്തിൽ; ലൈംഗികാരോപണവുമായി മുൻ ജീവനക്കാരി

പരിസ്ഥിതി സംഘടനയായ ഗ്രീൻപീസ് പുതിയ വിവാദത്തിൽ. ഗ്രീൻപീസിൽ പ്രവർത്തിച്ചിരുന്ന ഒരു ജീവനക്കാരി സഹപ്രവർത്തകർക്കെതിരെ ലൈംഗിക പീഡനാരോപണവുമായി രംഗത്തെത്തി.
 | 
ഗ്രീൻപീസ് പുതിയ വിവാദത്തിൽ; ലൈംഗികാരോപണവുമായി മുൻ ജീവനക്കാരി

 

 

ന്യൂഡൽഹി: പരിസ്ഥിതി സംഘടനയായ ഗ്രീൻപീസ് പുതിയ വിവാദത്തിൽ. ഗ്രീൻപീസിൽ പ്രവർത്തിച്ചിരുന്ന ഒരു ജീവനക്കാരി സഹപ്രവർത്തകർക്കെതിരെ ലൈംഗിക പീഡനാരോപണവുമായി രംഗത്തെത്തി. സഹപ്രവർത്തകർ തന്നെ ബലാൽസംഗം ചെയ്‌തെന്നും ലൈംഗികമായി അപമാനിച്ചെന്നുമാണ് മുൻ ജീവനക്കാരിയുടെ ആരോപണം. നേരത്തെ പരാതികൾ നൽകിയെങ്കിലും ഗ്രീൻപീസ് യാതൊരു നടപടിയും കൈകൊണ്ടിട്ടില്ല. ജീവനക്കാരുടെ പെരുമാറ്റത്തെ തുടർന്ന് താൻ 2013ൽ ജോലി ഉപേക്ഷിച്ചതായും അവർ പരാതിയിൽ പറയുന്നു.

ബംഗളൂരൂ ഓഫീസിലെ ജീവനക്കാരിയായിരുന്നു ഇവർ. 2012 ഒക്ടോബറിൽ നടന്ന ഒരു ഔദ്യോഗിക യാത്രയ്ക്കിടെ ആയിരുന്നു ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായത്. രാത്രി പതിനൊന്ന് മണിയോടെ മുതിർന്ന ഉദ്യോഗസ്ഥൻ തന്നെ ഫോണിൽ വിളിച്ച് അയാളുടെ മുറിയിലെത്താൻ ആവശ്യപ്പെട്ടു. പിന്നീടൊരിക്കൽ ഇയാൾ തന്നെ നിർബന്ധിച്ച് പിറന്നാൾ കേക്ക് വായിൽ വച്ച് തന്ന് കഴിപ്പിച്ചതായും ഇവർ ആരോപിക്കുന്നു.

ഇതെല്ലാം വിശദീകരിച്ച് എച്ച്ആർ മാനേജർക്ക് താൻ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇയാൾക്കെതിരെ ഇത്തരത്തിൽ രണ്ട് വനിതാ ജീവനക്കാർ കൂടി പരാതി നൽകിയിട്ടുണ്ടെന്നും ഇവർ പറയുന്നു.

പിന്നീട് നടന്ന ഒരു യോഗത്തിൽ തന്നെ സ്വഭാവഹത്യ നടത്തുന്ന രീതിയിൽ രണ്ട് ജീവനക്കാർ സംസാരിച്ചു. വനിതാ ജീവനക്കാർ പോലും തന്നെ കുറ്റപ്പെടുത്തി. ഒരു ഔദ്യോഗിക പാർട്ടിയ്ക്കിടെ തന്നെ ബോധം കെടുത്തി മറ്റൊരാൾ ബലാൽസംഗം ചെയ്തതായും അവർ ആരോപിക്കുന്നു. ഇതേക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടപ്പോൾ അന്വേഷിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല. ഇത്തരത്തിൽ കുറ്റാരോപിതനായ ഒരാളെ സംഘടന എന്തിനാണ് സംരക്ഷിക്കുന്നതെന്നും ഇവർ ചോദിക്കുന്നു.