കര്‍ഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍; ശശി തരൂരിന്റെയും മാധ്യമ പ്രവര്‍ത്തകരുടെയും അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

കര്ഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റുകളുടെ പേരില് രജിസ്റ്റര് ചെയ്ത രാജ്യദ്രോഹക്കേസില് ശശി തരൂരിന്റെയും മാധ്യമ പ്രവര്ത്തകരുടെയും അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു.
 | 
കര്‍ഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍; ശശി തരൂരിന്റെയും മാധ്യമ പ്രവര്‍ത്തകരുടെയും അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസില്‍ ശശി തരൂരിന്റെയും മാധ്യമ പ്രവര്‍ത്തകരുടെയും അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. ശശി തരൂരിന് പുറമേ രാജ്ദീപ് സര്‍ദേശായി, വിനോദ് കെ. ജോസ് തുടങ്ങിയവരുടെ അറസ്റ്റാണ് തടഞ്ഞത്. കേസില്‍ യുപി പോലീസിനും ഡല്‍ഹി പോലീസിനും നോട്ടീസ് അയച്ച കോടതി കേന്ദ്രസര്‍ക്കാരിനോടും അഞ്ച് സംസ്ഥാനങ്ങളോടും വിശദീകരണം ചോദിച്ചു. രണ്ടാഴ്ചക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കാനാണ് നിര്‍ദേശം. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

റിപ്പബ്ലിക് ദിനത്തില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ ഒരു കര്‍ഷകന്‍ മരിച്ചതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ട്വീറ്റുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ബാലിശമായ പരാതികളിലാണ് കേസ് എടുത്തിരിക്കുന്നതെന്ന് തരൂരിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ ഒരേതരത്തിലുള്ള പരാതികളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

എഫ്‌ഐആറുകള്‍ ഒരുമിച്ചാക്കണമെന്ന കപില്‍ സിബലിന്റെ ആവശ്യത്തിലും കോടതി നോട്ടീസ് അയച്ചു. അതേസമയം ലക്ഷക്കണക്കിന് ആളുകള്‍ പിന്തുടരുന്നവരുടെ ട്വീറ്റുകള്‍ വലിയ പ്രത്യാഘാതമുണ്ടാക്കിയെന്ന് ഡല്‍ഹി പോലീസ് വാദിച്ചു. കേസില്‍ രണ്ടാഴ്ചയ്ക്ക് ശേഷം വാദം കേള്‍ക്കും.