ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചു വലിച്ചു; വീഡിയോ പുറത്ത്

ഉത്തര്പ്രദേശിലെ സംഭാല് ജില്ലയില് സര്ക്കാര് ആശുപത്രിയില് പെണ്കുട്ടിയുടെ മൃതദേഹം കടിച്ചു വലിക്കുന്ന തെരുവുനായയുടെ വീഡിയോ പുറത്ത്.
 | 
ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചു വലിച്ചു; വീഡിയോ പുറത്ത്

സംഭാല്‍: ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കടിച്ചു വലിക്കുന്ന തെരുവുനായയുടെ വീഡിയോ പുറത്ത്. സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. വ്യാഴാഴ്ച അപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹമാണ് തെരുവുനായ കടിച്ചു വലിച്ചത്. സ്‌ട്രെച്ചറില്‍ വെള്ളത്തുണി ഉപയോഗിച്ച് മൂടിയ മൃതദേഹം നായ കടിച്ചു വലിക്കുന്ന 20 സെക്കന്‍ഡ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

മൃതദേഹം ഒന്നര മണിക്കൂറോളം ജീവനക്കാര്‍ ശ്രദ്ധിക്കാതെ ഉപേക്ഷിച്ചിരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇത് ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നും അവര്‍ പറഞ്ഞു. ആശുപത്രിയില്‍ നായ ശല്യം രൂക്ഷമാണെന്നായിരുന്നു അധികൃതരുടെ പ്രതികരണം. ഇക്കാര്യം തദ്ദേശ ഭരണകൂടങ്ങളെ അറിയിച്ചിട്ടുണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. ഇതിനിടയില്‍ അവര്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ലെന്നും അങ്ങനെയായിരിക്കാം സംഭവമുണ്ടായതെന്നുമാണ് വിശദീകരണം. സംഭവത്തില്‍ ഒരു ശുചീകരണ ജീവനക്കാരനെയും വാര്‍ഡ് ബോയിയെയും സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണത്തിനായി സമിതിയെയും നിയോഗിച്ചിട്ടുണ്ട്.

വീഡിയോ കാണാം