സ്മൃതി ഇറാനിയുടെ വലംകൈ രവി ദത്ത് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയുടെ വലംകൈ രവി ദത്ത് മിശ്ര കോണ്ഗ്രസില് ചേര്ന്നു.
 | 
സ്മൃതി ഇറാനിയുടെ വലംകൈ രവി ദത്ത് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നു

ലഖ്‌നൗ: ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയുടെ വലംകൈ രവി ദത്ത് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അമേഠിയില്‍ സന്ദര്‍ശനം നടത്തിയ ദിവസമാണ് രവി ദത്ത് മിശ്ര കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചിരിക്കുന്നത്. സ്മൃതി ഇറാനായുടെ വിശ്വസ്തനായിരുന്ന നേതാവാണ് രവി. കോണ്‍ഗ്രസിലേക്കുള്ള കൂടുമാറ്റത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഞെട്ടിച്ച പ്രകടനം കാഴ്ച്ചവെച്ച ബി.ജെ.പി നേതാവായിരുന്നു സ്മൃതി ഇറാനി. കേണ്‍ഗ്രസിന്റെ കോട്ടയായ അമേഠിയില്‍ രാഹുലിനെതിരെ വലിയ ശതമാനം വോട്ടുകള്‍ സ്മൃതി സ്വന്തമാക്കി. വിജയം സാധ്യമായില്ലെങ്കിലും അമേഠിയിലെ ബി.ജെ.പി മുന്നേറ്റം ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു. അമേഠിയില്‍ സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞ ബുദ്ധികേന്ദ്രങ്ങളില്‍ പ്രധാനിയാണ് രവി ദത്ത് മിശ്രയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായതോടെ കോണ്‍ഗ്രസ് പാളയം വലിയ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തവണ സ്മൃതിയുടെ പ്രചാരണങ്ങള്‍ എതിരെ അമേഠിയില്‍ പ്രവര്‍ത്തിച്ചത് പ്രിയങ്കയായിരുന്നു. രാഹുലിന്റെ അഭാവത്തില്‍ മണ്ഡലം പൂര്‍ണമായും കോണ്‍ഗ്രസ് അനുകൂല തരംഗം സൃഷ്ടിക്കാന്‍ പ്രിയങ്കയ്ക്ക് കഴിഞ്ഞു. ശക്തയായ എതിരാളിയായിരുന്നിട്ടും സ്മൃതി ഇറാനി പരാജയപ്പെടുകയും ചെയ്തു. രവിയെ കോണ്‍ഗ്രസിലേക്ക് എത്തിച്ചത് പ്രിയങ്കയുടെ തന്ത്രമാണെന്നാണ് വിലയിരുത്തല്‍.