റൺവേയിൽ കയറിയ പോത്തിനെ സ്‌പൈസ് ജറ്റ് വിമാനം ഇടിച്ചു; എൻജിൻ തകർന്നു

ഗുജറാത്തിലെ സൂറത്ത് വിമാനത്താവളത്തിൽ നിന്ന് പറന്നുയരാനുള്ള ശ്രമത്തിനിടെ വിമാനം പോത്തിനെ ഇടിച്ചു. വേലി തകർന്ന് കിടന്ന വിടവിലൂടെ വിമാനത്താവളത്തിന്റെ റൺവേയിൽ പ്രവേശിച്ച പോത്തിനെയാണ് സ്പൈസ് ജറ്റ് എയർവേയ്സിന്റെ വിമാനം ഇടിച്ചത്.
 | 
റൺവേയിൽ കയറിയ പോത്തിനെ സ്‌പൈസ് ജറ്റ് വിമാനം ഇടിച്ചു; എൻജിൻ തകർന്നു

സൂറത്ത്: ഗുജറാത്തിലെ സൂറത്ത് വിമാനത്താവളത്തിൽ നിന്ന് പറന്നുയരാനുള്ള ശ്രമത്തിനിടെ വിമാനം പോത്തിനെ ഇടിച്ചു. വേലി തകർന്ന് കിടന്ന വിടവിലൂടെ വിമാനത്താവളത്തിന്റെ റൺവേയിൽ പ്രവേശിച്ച പോത്തിനെയാണ് സ്‌പൈസ് ജറ്റ് എയർവേയ്‌സിന്റെ വിമാനം ഇടിച്ചത്. ഡൽഹിയിലേക്ക് പോകേണ്ട വിമാനത്തിൽ 140 യാത്രക്കാരുണ്ടായിരുന്നു. പോത്തിനെ ഇടിച്ച ആഘാതത്തിൽ വിമാനത്തിന്റെ എൻജിൻ തകർന്നു. പോത്ത് തൽക്ഷണം ചത്തുപോവുകയും ചെയ്തു. സ്‌പൈസ് ജറ്റ് ഇന്നലത്തെ സർവ്വീസ് റദ്ദാക്കുകയും ചെയ്തു.

ഇന്നലെ വൈകിട്ട് ഏഴ് മണിക്ക് യാത്ര പുറപ്പെടേണ്ട വിമാനത്തിനാണ് അപകടം പറ്റിയത്. റൺവേയിൽ വേഗത പ്രാപിക്കുന്നതിനിടയിൽ തന്നെ താൻ പോത്തിനെ കണ്ടതായി പൈലറ്റ് പറഞ്ഞു. ഇരുട്ടായതിനാൽ വ്യക്തമല്ലായിരുന്നു. എന്തോ റൺവേയിൽ അനങ്ങുന്നതായാണ് കണ്ടത്. അതിൽ വിമാനം ഇടിക്കുമല്ലോ എന്ന് വിചാരിക്കുമ്പോഴേക്കും ശക്തിയിൽ തന്നെ ഇടിക്കുകയും ചെയ്തു. ഉടൻ വേഗത കുറക്കാൻ സാധിച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്. വിമാനം പറന്നുയരുന്ന സാഹചര്യം ഉണ്ടായിരുന്നെങ്കിൽ വലിയ ദുരന്തം സംഭവിച്ചേനെയെന്ന് പൈലറ്റ് പറഞ്ഞു. എൻജിന് ഗുരുതരമായ തകരാറാണ് സംഭവിച്ചിട്ടുള്ളത്.

പോലീസ് കേസ് രജിസ്റ്റർ അന്വേഷണം ആരംഭിച്ചു. രണ്ട് വർഷം മുൻപ് തുടങ്ങിയ സൂററ്റ് വിമാനത്താവളം താരതമ്യേന സൗകര്യങ്ങൾ കുറഞ്ഞതാണ്. ദിവസവും മൂന്ന് വിമാനങ്ങളാണ് ഇവിടെ സർവ്വീസ് നടത്തുന്നത്. ധാരാളം കന്നുകാലികളെ വളർത്തുന്ന നാട്ടുകാർ ഇവയെ വിമാനത്താവള പരിസരത്ത് മേയാൻ വിടാറുണ്ട്. ഇവയിൽ ചിലത് വിമാനത്താവളത്തിന് അകത്ത് കയറുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് റൺവേയിൽ എത്തുന്നതെന്ന് അധികൃതർ പറഞ്ഞു.

സംഭവത്തിൽ സിവൽ ഏവിയേഷൻ മന്ത്രാലയം രണ്ട് തലത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എയർപോർട്ട് അഥോറിറ്റിയും ഏവിയേഷൻ മന്ത്രാലയവും വ്യത്യസ്തമായ അന്വേഷണം നടത്താനാണ് തീരുമാനം. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് വ്യോമയാന മന്ത്രി അശോക് ഗണപതി രാജു അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ താഴെ കാണാം.