നടന്നു പോകുന്ന കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സഹായിക്കാമെന്ന് സ്‌പൈസ് ജെറ്റ്

മുംബൈയില് നിന്നും ഡല്ഹിയില് നിന്നും ബിഹാറിലേക്ക് വിമാനങ്ങള് പറത്താന് തയ്യാറാണെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു.
 | 
നടന്നു പോകുന്ന കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സഹായിക്കാമെന്ന് സ്‌പൈസ് ജെറ്റ്

മുംബൈ: നൂറുകണക്കിന് കിലോമീറ്ററുകള്‍ നടന്ന് സ്വന്തം നാടുകളിലേക്ക് പോകുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് സ്‌പൈസ് ജെറ്റ്. മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ബിഹാറിലേക്ക് വിമാനങ്ങള്‍ പറത്താന്‍ തയ്യാറാണെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. 21 ദിവസത്തെ ലോക്ക് ഡൗണിനിടെ നന്മയ്ക്കായുള്ള ഏത് ദൗത്യത്തിനും വിമാനങ്ങളും ജീവനക്കാരെയും സര്‍ക്കാരിന് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് കമ്പനി ചെയര്‍മാനും എംഡിയുമായ അജയ് സിങ് പറഞ്ഞു.

കുടിയേറ്റ തൊഴിലാളികളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് പാട്‌നയിലേക്ക് സര്‍വീസ് നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍ഡിഗോ, ഗോഎയര്‍ തുടങ്ങിയ കമ്പനികളും കൊറോണ വ്യാപനം തടയുന്നതിനായുള്ള ദൗത്യങ്ങളില്‍ സര്‍ക്കാരിന് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. രാജ്യച്ച് ഏപ്രില്‍ 14 അര്‍ദ്ധരാത്രി വരെ ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഗതാഗത സൗകര്യങ്ങള്‍ പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. ഇതിനിടെയാണ് കുടിയേറ്റ തൊഴിലാളികള്‍ തങ്ങളുടെ സ്വന്തം നാട്ടിലേക്ക് നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടത്.