ജന്മദിനത്തില്‍ ഹിന്ദുക്കള്‍ കേക്ക് മുറിക്കുകയോ മെഴുകുതിരി കത്തിക്കുകയോ ചെയ്യരുത്; വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

'സനാതന ധര്മ്മത്തിന്റെ' മൂല്യങ്ങള് സംരക്ഷിക്കാന് കുട്ടികളുടെ ജന്മദിനത്തില് ഹിന്ദുക്കള് ഇക്കാര്യങ്ങള് ഒഴിവാക്കണമെന്നാണ് കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന.
 | 
ജന്മദിനത്തില്‍ ഹിന്ദുക്കള്‍ കേക്ക് മുറിക്കുകയോ മെഴുകുതിരി കത്തിക്കുകയോ ചെയ്യരുത്; വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ഹിന്ദുക്കള്‍ ജന്മദിനത്തില്‍ കേക്ക് മുറിക്കുകയോ മെഴുകുതിരി കത്തിക്കുകയോ ചെയ്യരുതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ‘സനാതന ധര്‍മ്മത്തിന്റെ’ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കുട്ടികളുടെ ജന്മദിനത്തില്‍ ഹിന്ദുക്കള്‍ ഇക്കാര്യങ്ങള്‍ ഒഴിവാക്കണമെന്നാണ് കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന. സനാതന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കുട്ടികളെ ഗീത, രാമായണം, ഹനുമാന്‍ ചാലിസ തുടങ്ങിയവ പഠിപ്പിക്കണമെന്നും ഗിരിരാജ് സിങ് പറഞ്ഞു.

കേക്ക് മുറിക്കുന്നതിന് പകരം ശിവന്റെയും കാളിയുടെയും ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തണം. മധുരം വിതരണം ചെയ്യുകയും നല്ല ഭക്ഷണം ഉണ്ടാക്കുകയും വേണം. മെഴുകുതിരികള്‍ക്ക് പകരം മണ്‍ചെരാതുകള്‍ തെളിക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. മിഷനറി സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ ക്രിസ്ത്യന്‍ രീതിയിലുള്ള ജീവിതമാണ് പരിശീലിപ്പിക്കപ്പെടുന്നതെന്ന വിദ്വേഷ പരാമര്‍ശവും മന്ത്രി നടത്തി.

മറ്റ് മതങ്ങളില്‍ ഞായറാഴ്ചകളില്‍ ജനങ്ങള്‍ പള്ളിയില്‍ പോകുന്നു, വെള്ളിയാഴ്ചകളില്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നു. ഹിന്ദു മതത്തിലെ കുട്ടികള്‍ യേശുവിന്റെ പ്രതിമകള്‍ സ്ഥാപിച്ചിട്ടുള്ള മിഷനറി സ്‌കൂളുകളില്‍ പ്രവേശനം ലഭിച്ചാല്‍ കുടുമ വെക്കാനോ തിലകം തൊടാനോ താല്‍പര്യപ്പെടുന്നില്ലെന്നും മന്ത്രി പറഞ്ഞു.