പൗരത്വ ഭേദഗതി നിയമത്തിനോ എന്‍പിആറിനോ സ്റ്റേ ഇല്ല; കേന്ദ്രത്തിന് വിശദീകരണം നല്‍കാന്‍ നാലാഴ്ച്ച

സ്റ്റേ ഇല്ലാത്തതിനാല് നിരാശയില്ലെന്നും പ്രതീക്ഷയുണ്ടെന്നും പ്രതിപക്ഷ നേതാക്കള് പ്രതികരിച്ചു.
 | 
പൗരത്വ ഭേദഗതി നിയമത്തിനോ എന്‍പിആറിനോ സ്റ്റേ ഇല്ല; കേന്ദ്രത്തിന് വിശദീകരണം നല്‍കാന്‍ നാലാഴ്ച്ച

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനോ എന്‍പിആറിനോ സ്റ്റേ ഇല്ല. ഹര്‍ജികളില്‍ വിശദമായ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് നാലാഴ്ച്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇനി അഞ്ച് ആഴ്ച്ചകള്‍ക്ക് ശേഷമാവും കേസ് പരിഗണിക്കുക. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് അസമില്‍ ഉടലെടുത്തിരിക്കുന്ന പ്രശ്‌നങ്ങള്‍ വേറെയാണെന്നും, രാജ്യത്തെ മറ്റിടങ്ങളിലെ പ്രശ്‌നങ്ങള്‍ മറ്റൊന്നാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

അസമില്‍ നിന്നും ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്ന ഹര്‍ജികള്‍ പ്രത്യേകമായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. അസമിലെ ഹര്‍ജികള്‍ക്കൊപ്പമാവും തൃപുരയില്‍ നിന്നും വന്നിട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുക. വിഷയത്തില്‍ കൃത്യമായി മറുപടി നല്‍കാന്‍ ആറാഴ്ച്ച നല്‍കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇത് കേസ് വൈകിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് വാദം ഉയര്‍ന്നു. ഇതേതുടര്‍ന്ന് നാലാഴ്ച്ച സമയം നല്‍കാനാണ് കോടതി തീരുമാനിച്ചത്.

ഇനി സുപ്രീം കോടതി കേസ് പരിഗണിക്കുന്നത് വരെ രാജ്യത്തെ വിവിധ കോടതികളിലായി പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് നിലവിലുള്ള ഹര്‍ജികളില്‍ ഒരു തരത്തിലുള്ള ഉത്തരവുകളോ, സ്റ്റേയോ ഏര്‍പ്പെടുത്തരുതെന്നും, സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. സ്റ്റേ ഇല്ലാത്തതിനാല്‍ നിരാശയില്ലെന്നും പ്രതീക്ഷയുണ്ടെന്നും പ്രതിപക്ഷ നേതാക്കള്‍ പ്രതികരിച്ചു. ഹര്‍ജികള്‍ വിപുലമായ ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റുമെന്നും സുപ്രീം കോടതി സൂചന നല്‍കിയിട്ടുണ്ട്.